NADAMMELPOYIL NEWS
MARCH 22/2021

താമരശ്ശേരി; തേറത്ത് വീട്ടിൽ സൈനബയുടെ പ്രാർഥന സഫലമാവുന്നു; കാൽനൂറ്റാണ്ടായി സൈനബയുടെ സ്നേഹത്തണലിലായിരുന്ന വിനീതയ്ക്ക് ഇന്ന് മംഗല്യഭാഗ്യം. താമരശ്ശേരി ടൗണിൽ തേറത്ത് പരേതനായ ടി.പോക്കറിന്റെ വീട്ടുമുറ്റത്ത് ഒരുക്കിയ പന്തലിൽ നാരായണിയുടെ മകൾ വിനീത ഇന്നലെ അണിഞ്ഞൊരുങ്ങി അതിഥികളെ സ്വീകരിച്ചു. പൊന്നും പുടവയും പന്തലും ഒരുക്കി വിവാഹത്തിനുള്ള എല്ലാ കാര്യങ്ങളും നിർവഹിച്ച് ഒപ്പം സൈനബയും കുടുംബവും ചേർന്നു നിന്നു. കട്ടിപ്പാറ ചെമ്പ്രകുണ്ട സ്വദേശിനിയായ നാരായണി 1996 ലെ നോയ്മ്പു കാലത്താണ് 3 മാസം പ്രായമായ കൈക്കുഞ്ഞുമായി തേറത്ത് വീട്ടിൽ എത്
ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവ് ഉപേക്ഷിച്ചു പോയതാണ് നാരായണിയെ. താമരശ്ശേരി സർക്കാർ ആശുപത്രിയിൽ പരസഹായത്തിനാളില്ലാതെ ചികിത്സയിൽ കഴിയുമ്പോഴാണ് പരിചയക്കാരി മുഖേന സൈനബയുടെ വീട്ടിൽ സഹായിയായി എത്തുന്നത്. നിസ്സഹായാവസ്‌ഥയിലായ അമ്മയെയും കുഞ്ഞിനെയും പോക്കറും ഭാര്യ സൈനബയും തങ്ങളുടെ കുടുംബത്തോടു ചേർത്തു പിടിച്ചു. ഇവരുടെ മൂന്നു മക്കൾക്കൊപ്പം നാരായണിയുടെ കുഞ്ഞും വളർന്നു. ഓണവും വിഷുവും പെരുന്നാളുമെല്ലാം തേറത്ത് വീട്ടിൽ ഒരുപോലെ ആഘോഷിച്ചു.

ഇവരുടെ സ്നേഹബന്ധം ഊട്ടിയുറപ്പിച്ച് വിനീതയുടെ രേഖകളിലെ വീട്ടുപേരും തേറത്ത് എന്നു തന്നെ ചേർത്തു.പിച്ചവച്ചു നടന്ന വീട്ടിൽ നിന്നു തന്നെ കുട്ടി പഠിച്ചു വളർന്നു ബിരുദം നേടി. വിവാഹം ഇന്നു രാവിലെ കണ്ണഞ്ചേരിയിൽ നടക്കും. ബേപ്പൂർ തമ്പി റോഡ് വാധ്യാർ വീട്ടിൽ വി.ആർ. രാജേഷാണ് വരൻ. വിവാഹത്തോടനുബന്ധിച്ച് ഇന്നലെ സൈനബയുടെ വീട്ടിൽ വിഭവ സമൃദ്ധമായ സൽക്കാരവും ഒരുക്കിയിരുന്നു. അയൽപക്കക്കാരും ബന്ധു മിത്രാദികളും അനുഗ്രഹ വർഷവുമായി തേറത്ത് വീട്ടിൽ എത്തി.

അമ്മമാരായ സൈനബയും നാരായണിയും ഒപ്പം നിന്നപ്പോൾ സൈനബയുടെ മക്കളായ റിജാസും റൂബിനയും മരുമക്കളായ സാജിതയും റിഷയും കല്യാണപ്പന്തലിൽ എല്ലാ കാര്യങ്ങളും നോക്കി നിറഞ്ഞു നിന്നു. മൂത്ത മകൻ സജീർ ദുബായിയാണങ്കിലും എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നു. താമരശ്ശേരി പഞ്ചായത്തിലെ ചെമ്പ്രയിൽ മുൻ മെംബർ കെ. സരസ്വതിയുടെ ശ്രമഫലമായി അനുവദിച്ചു കിട്ടിയ ലോൺ ഉപയോഗിച്ച് സ്വന്തമായി വീട് നിർമിക്കുന്നുണ്ടെങ്കിലും തേറത്ത് വീട് വിട്ടുപോകാൻ ഇവർക്കാവില്ല. ഇവരെ പിരിയുകയെന്നത് സൈനബയ്ക്കും കുടുംബത്തിനും ചിന്തിക്കാനും കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *