16/10/2020
NADAMMELPOYIL NEWS

ആലപ്പുഴ; യാത്രയാക്കാനെത്തിയ ഭർത്താവ് നോക്കിനിൽക്കെ ഗർഭിണിയായ നഴ്‌സ് സ്വകാര്യ ബസിന്റെ പിൻചക്രം കയറി മരിച്ചു. ലേക്‌ഷോർ ആശുപത്രിയിലെ നഴ്സ് കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കൽ വീട്ടിൽ ഷെൽമി പൗലോസ് (33) ആണ് മരിച്ചത്. ദേശീയപാതയിൽ ചന്തിരൂർ മേഴ്സി സ്കൂളിന് മുൻപിൽ വ്യാഴാഴ്ച രാവിലെ അപകടം.
ഷെൽമി പൗലോസ് ജോലിക്ക് പോകാനായി സ്വകാര്യ ബസിൽ കയറുമ്പോഴാണ് അപകടം സംഭവിച്ചത്. ബസിന്റെ പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ബസിന്റെ ചവിട്ടുപടി ഭാഗത്ത് നിന്ന് ഇടിയുടെ ആഘാതത്തിൽ ഷെൽമി റോഡരികിലേക്കു തെറിച്ചു വീണു. ഷെൽമിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഭർത്താവ് സിനോജ് ഈ സമയം റോഡിന്റെ എതിർവശത്ത് നിൽക്കുകയായിരുന്നു.
എരമല്ലൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. ആന്ധ്രയിൽ നിന്ന് ചെമ്മീൻ കയറ്റിവന്ന ലോറിയാണ് ബസിന്റെ പിന്നിൽ ഇടിച്ചത്. ചന്തിരൂരിലെ വാടക വീട്ടിലായിരുന്നു ഭർത്താവിനൊപ്പം ഷെൽമി താമസിച്ചിരുന്നത്. ആറുവർഷംമുൻപാണ് ഷെൽമി ലേക്‌ഷോർ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. മക്കൾ: സ്റ്റീവ്, സ്റ്റെഫിൻ.

Leave a Reply

Your email address will not be published. Required fields are marked *