കോഴിക്കോട്: മഴക്കാല പൂര്‍വശുചീകരണം അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാകളക്ടര്‍ എസ്.സാംബശിവ റാവു നിര്‍ദ്ദേശം നല്കി. പകര്‍ച്ചവ്യാധി പ്രതിരോധവും മഴ കനക്കുന്നതിനുമുന്പ് ശക്തമാക്കണം. മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് നിര്‍ദ്ദേശം.ശുചീകരണം സുഗമമായി നടത്താനും നിരീക്ഷിക്കാനുമായി മിഷന് ടീം ഉണ്ടാക്കും.
മഴക്കാല ദുരന്തവനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്കുകളിലെ കണ്ട്രോള് റൂം നമ്പറുകള്‍ ആക്ടിവേറ്റ് ചെയ്യാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള മുന്‍കൂര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി.റോഡരികുകളില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ , ഹോര്‍ഡിംഗുകള്‍ എന്നിവ സംബന്ധിച്ച് പരിശോധന നടത്തി പഞ്ചായത്ത് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സ്കൂള്‍ കോന്പൗണ്ടില്‍ അപകടകരമായ മരങ്ങളുണ്ടെങ്കില്‍ വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ പരിശോധിച്ച് പിടിഎയുടെ സഹായത്തോടെ അവ മുറിച്ചുമാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണം.സ്കൂളുകളിലെ അറ്റകുറ്റപ്പണികള്‍ മേയ് 30 നകം പൂര്‍ത്തീകരിക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
കുട്ടികള്‍ക്കിടയില്‍ അസുഖങ്ങള്‍ പടരാതിരിക്കാന്‍ ഡിസീസ് പ്രിവന്‍ഷന്‍ പ്ലാന്‍ ഉണ്ടാക്കാനും ഭാവിയില്‍ ക്യാമ്പുകളായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്കൂളുകളിലെ ശുചിമുറികള്‍ ശുചീകരിക്കാനും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാസ്കും സാനിറ്റൈസറും ലഭ്യമാക്കാനും നിര്‍ദ്ദേശം നല്കി. പ്രൈമറി സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള മാസ്ക് എസ്എസ്എയുമായി സഹകരിച്ച് ജില്ലാപഞ്ചായത്ത് വിതരണം ചെയ്യുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി പറഞ്ഞു.മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് വൈദ്യുതി കമ്പികള്‍ , ഡാം, കടല്‍ഭിത്തി സംരക്ഷണം, ഓടകള്‍ , എന്നിവയുടെ പ്രവര്‍ത്തനവും പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ആവശ്യമായ ഭക്ഷണ സാമഗ്രികള്‍ ശേഖരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
നിലവില്‍ പുനരധിവസിപ്പിച്ച തെരുവോരങ്ങളില്‍ താമസിച്ചിരുന്നവരെ വീണ്ടും തെരുവിലേക്ക് വിടുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.