മുക്കം: ചാലിയാർ പുഴയുടെ ചെറുവാടി കടവിൽ നിന്നും അനധികൃതമായി പുഴമണൽ കയറ്റിക്കൊണ്ടു വന്ന ടിപ്പർ ലോറി അതിസാഹസികമായി പിടികൂടി മുക്കം പോലീസ്. ലോക്ക്ഡൗണിനു ഇളവുകൾ വന്നതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെറുവാടി കടവിൽ നിന്നും അനധികൃത മണൽ വാരൽ ആരംഭിച്ചതായി മുക്കം പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാൽ പോലീസ് സ്റ്റേഷന്റെ പുറത്ത് മുതൽ കടവിലേക്കുള്ള വഴിയിൽ വരെ വിവിധ സ്ഥലങ്ങളിൽ പോലീസിന്റെ നീക്കം മനസ്സിലാക്കി എസ്‌കോർട്ടുകാർ മണൽ കടത്തുകാർക്കു വിവരം കൈമാറുന്നതു പോലീസിനെ വല്ലാതെ കുഴക്കിയിരുന്നു.

പുഴയുടെ മറുകര മലപ്പുറം ജില്ലയായതിനാൽ ഏതെങ്കിലും തരത്തിൽ പോലീസിന്റെ നീക്കം മണത്തറിഞ്ഞാൽ തോണിയിൽ കയറ്റിയ മണൽ മറുകരയിലേക്കു കടത്തിക്കൊണ്ടു പോയി അവിടെ നിന്നും ലോറിയിൽ കയറ്റി കൊണ്ട് പോകുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം രാത്രി വാഴക്കാട് പോലീസിന്റെ പട്രോളിങ് ബോട്ട് ശ്രദ്ധയിൽപ്പെട്ട ഉടനെ മണൽ കയറ്റിയ രണ്ടു തോണികൾ വെള്ളത്തിൽ താഴ്ത്തുകയായിരുന്നു. ഇത്തരത്തിൽ അനധികൃത മണൽ കടത്തു ഒരിടവേളക്ക് ശേഷം വീണ്ടും തുടങ്ങിയതോടെയാണ് മുക്കം പോലീസ് അനധികൃത മണൽ കടത്തു ഏതു വിധേനയും പിടികൂടാനുള്ള പദ്ധതി തയാറാക്കിയത്.

തുടർന്ന് മഫ്തി പോലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മണൽ കടവിൽ നിരീക്ഷണം നടത്തി മണൽ കടത്തുകാരുടെ രീതികൾ മനസ്സിലാക്കിയ പോലീസ് സംഘം യാതൊരു സംശയത്തിനും ഇടനൽകാതെ എസ്കോർട്ടുകാരുടെ കണ്ണുവെട്ടിച്ചു കടവിന് സമീപം കാത്തിരിക്കുകയായിരുന്നു. പുലർച്ചെ ഒരുമണിയോടെ ആദ്യ ലോറി കടവിലേക്ക് കടന്നതും പോലീസ് സംഘം കടവിൽ നിന്നും മണൽ കയറ്റി വരുന്ന വഴിയിൽ മറ്റൊരു ലോറി കുറുകെയിട്ടു മാർഗതടസ്സമുണ്ടാക്കി മണൽകയറ്റിവന്ന ടിപ്പർ ലോറി തടയുകയായിരുന്നു.

പോലീസുകാരെ കണ്ട ഉടൻ തന്നെ ടിപ്പർ ഡ്രൈവർ ലോറി ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് സംഘം മണൽ കയറ്റിവന്ന ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
മുക്കം ഇൻസ്‌പെക്ടർ ബി.കെ.സിജുവിന്റെ നേതൃത്വത്തിൽ എഎസ്ഐ സലീം മുട്ടത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, അഭിലാഷ് കോടഞ്ചേരി, നൈറ്റ്‌ ചെക്കിങ് ഓഫീസർ എഎസ്ഐ സാജു, ഡ്രൈവർസിപിഒ നാസർ എന്നിവർ ചേർന്നാണ് മണൽ ലോറി പിടികൂടിയത്. പിടികൂടിയ മണൽ ലോറിയുടെ ഉടമസ്ഥനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുമെന്നും വരും ദിവസങ്ങളിലും മണൽ കടവുകളിൽ നിരീക്ഷണം ശക്തമാക്കി അനധികൃത മണൽ വാരലിനെതിരെ നിയമനടപടി ശക്തമാക്കുമെന്നും മുക്കം ഇൻസ്‌പെക്ടർ ബി.കെ.സിജു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *