NADAMMELPOYIL NEWS
MARCH 13/2021

കോഴിക്കോട്; വിഭാഗീയതകള്‍ക്കോ അഭിപ്രായവ്യത്യാസങ്ങള്‍ക്കോ ഇനി നേരമില്ലെന്ന് കൊടുവള്ളിയിലെ ലീഗ് സ്ഥാനാര്‍ഥി ഡോ. എം കെ മുനീര്‍. വിഭാഗീയതയും വെറുപ്പും നമ്മുടെ പാരമ്പര്യമല്ലെന്നും നന്മയുടെ പാരമ്പര്യത്തെ തുണക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. കഴിഞ്ഞ തവണ പാര്‍ട്ടിയിലെ പ്രാദേശിക വിഭാഗീയത കാരണം മണ്ഡലം ലീഗിന് നഷ്ടപ്പെട്ടിരുന്നു. പോസ്റ്റിന്റെ പൂര്‍ണ രൂപം.
പ്രിയപ്പെട്ടവരെ,
ഈ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിന്ന് ജനവിധി തേടുകയാണ്.പാർട്ടിയും ബഹു.ഹൈദരലി ശിഹാബ് തങ്ങളും വലിയൊരു ഉത്തരവാദിത്വവും വിശ്വാസവുമാണ് എന്നിലർപ്പിച്ചിരിക്കുന്നത്.കൊടുവള്ളി വൈകാരികമായി യു.ഡി.എഫിന് ഏറെ പ്രിയപ്പെട്ട ഒരു മണ്ഡലമാണ്. എക്കാലത്തും രാഷ്ട്രീയ ജാതി-മതങ്ങൾക്കതീതമായി എല്ലാവരെയും പ്രചോദിപ്പിച്ച എന്റെ ബാപ്പയുടെ കാൽപ്പാടുകളും ഓർമ്മകളും വാക്കുകളും നിറഞ്ഞു നിൽക്കുന്ന മണ്ണാണ് കൊടുവള്ളി .വ്യക്തിപരമായും രാഷ്ട്രീയമായും കൊടുവള്ളി പ്രിയപ്പെട്ട ഒരു വികാരമാണ്. അത് തിരിച്ചുപിടിക്കണമെന്ന രാഷ്ട്രീയ ഉത്തരവാദിത്വമാണ് പാർട്ടി എന്നെ ഏൽപിച്ചിരിക്കുന്നത്. എല്ലാവരുടെയും സ്നേഹവും വോട്ടും പിന്തുണയും ഞാൻ അഭ്യർഥിക്കുന്നു. വിഭാഗീയതകൾക്കോ അഭിപ്രായ വ്യത്യാസങ്ങൾക്കോ ഇനി നേരമില്ല. ഓരോ വോട്ട് കൊണ്ടും മതനിരപേക്ഷ കേരളത്തെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തേണ്ട കാലമാണ് .ഐക്യവും സമാധാനവും പുരോഗതിയുമാണ് യുഡിഎഫിന്റെ മഹത്തായ പൈതൃകം നമുക്കു പകർന്ന പാഠം. ഇടതു പക്ഷവും ബി.ജെ .പി യും കെട്ടിപ്പൊക്കുന്ന ഹിംസയുടെ, വിദ്വേഷത്തിന്റെ, അരക്ഷിതാവസ്ഥയുടെ നാളുകൾക്ക് വിരാമമിടാൻ ഓരോ വോട്ടു കൊണ്ടും നാം തീരുമാനിക്കണം. എല്ലാവർക്കും നന്മ മാത്രമാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. വെറുപ്പും വിഭാഗീയതയും നമ്മുടെ പാരമ്പര്യമല്ല. നന്മയുടെ ആ പാരമ്പര്യത്തെ തുണക്കണം എന്നഭ്യർത്ഥിക്കുന്നു. ആദ്യമായാണ് കൊടുവള്ളിയിൽ മത്സരിക്കാനുള്ള നിയോഗം മുന്നണിയും പാർട്ടിയും ഏൽപ്പിക്കുന്നത്.ഈ നിയോഗത്തോട് എല്ലാ അർത്ഥത്തിലും നീതി പുലർത്തി ഉത്തരവാദിത്വം അതർഹിക്കുന്ന ഗൗരവത്തിൽ നിർവ്വഹിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. കൊടുവള്ളി നമുക്ക് വീണ്ടെടുക്കണം.യുഡിഎഫിന്റെ അഭിമാന മണ്ഡലമായി കൊടുവള്ളിയിൽ നമുക്ക് ചരിത്രമെഴുതണം.അതിനായി ഒരേ മനസ്സോടെ,ഒറ്റക്കെട്ടായി നമുക്ക് ഗോദയിൽ ഇറങ്ങാം..
സ്നേഹപൂർവ്വം
ഡോ.എം.കെ മുനീർ.

Leave a Reply

Your email address will not be published. Required fields are marked *