..

NADAMMELPOYIL NEWS
MARCH 10/2021

കുറ്റ്യാടി: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും ഭാര്യ കെകെ ലതികയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കുറ്റ്യാടിയില്‍ സിപിഐഎം പാര്‍ട്ടി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളി. ‘ഒന്നോ രണ്ടോ ലക്ഷം കിട്ടിയാല്‍ ഓളേം മക്കളേം ബിക്കൂലേ പി മോഹനാ ഓര്‍ത്തോളൂ.. ഓര്‍ത്ത് കളിച്ചോ ലതികപെണ്ണേ, പ്രസ്ഥാനത്തിനു നേരെ വന്നാല്‍ നോക്കി നില്‍ക്കാനാവില്ല’ തുടങ്ങിയവയാണ് മുദ്രാവാക്യം വിളിയില്‍ ഉയര്‍ന്നത്. കുറ്റ്യാടി നിയമസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

മുദ്രാവാക്യങ്ങള്‍ ഇങ്ങനെ:
‘പി മോഹനാ ഓര്‍ത്തോളൂ..
ഒന്നോ രണ്ടോ ലക്ഷം കിട്ടിയാല്‍
ഓളേം മക്കളേം ബിക്കൂലേ..
ഓര്‍ത്തു കളിച്ചോ മോഹനന്‍ മാഷേ
പ്രസ്ഥാനത്തിനു നേരെ വന്നാല്‍
നോക്കി നില്‍ക്കാനാവില്ല..
ഓര്‍ത്തു കളിച്ചോ തെമ്മാടി
കൂരിക്കാട്ടെ കുഞ്ഞാത്തൂ
കുഞ്ഞാത്തൂനൊരു പെണ്ണുണ്ട്
ഓര്‍ത്ത് കളിച്ചോ ലതികപെണ്ണേ..
പ്രസ്ഥാനത്തിനു നേരെ വന്നാല്‍
നോക്കി നില്‍ക്കാനാവില്ല’

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായിരുന്നു. എന്നാല്‍ സിപിഐഎം ഏരിയാ കമ്മറ്റി അംഗം കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനം. ഇന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചിരുന്നു. അതില്‍ കുറ്റ്യാടി മണ്ഡലം ഇടം നേടിയിരുന്നില്ല. ഇതോടെയാണ് വീണ്ടും പ്രതിഷേധം നടക്കുന്നത്.

വടകര, നാദാപുരം സീറ്റുകള്‍ വിട്ടുനല്‍കിയതിനെതിരെയും ശക്തമായ എതിര്‍പ്പാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നത്. വടകരയില്‍ എല്‍ജെഡിയും നാദാപുരത്ത് സിപിഐയുമാണ് മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *