NADAMMELPOYIL NEWS
MARCH 10/2021
കോഴിക്കോട്: കൂടത്തായി സീരിയലിനെതിരെ നിയമനടപടി സ്വീകരിക്കാൻ കോടതിയുടെ സഹായം തേടി പ്രതിഭാഗം. സിഡി കാണാൻ അനുവാദം ചോദിച്ച് കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി കോടതിയിൽ അപേക്ഷ നൽകി. സിഡി നൽകാൻ സ്വകാര്യ ചാനലിന് നിർദേശം നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിയുടെ സാമ്പത്തിക ഇടപാട് നടത്താൻ അനുവദിക്കണമെന്ന അഡ്വ. ബിഎ ആളൂരിന്റെ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതിഭാഗം പുതിയ അപേക്ഷ നൽകിയത്. കൂടത്തായി കേസിനെ ആസ്പദമാക്കി സംപ്രേഷണം ചെയ്ത സീരിയൽ തന്നേയും വീട്ടുകാരേയും മോശമായാണ് ചിത്രീകരിക്കുന്നതെന്നും മക്കളുടെ ഭാവിയെ വരെ ബാധിക്കുന്ന വിഷയമാണെന്നും പറഞ്ഞാണ് കേസിലെ ഒന്നാം പ്രതി ജോളി കോടതിയെ സമീപിച്ചത്.
ചാനലിനെതിരെ നിയമനടപടി സ്വീകരിക്കേണ്ടതിനാൽ സീരിയലിന്റെ സിഡി കാണാൻ അനുവദിക്കണമെന്നും കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. സിഡി നൽകാൻ ചാനലിന് നിർദേശം നൽകണമെന്ന് ജോളിയുടെ അഭിഭാഷകൻ ബിഎ ആളൂർ വാദിച്ചു. കൂടത്തായി സംഭവത്തിൽ കേരളപോലീസ് തന്നെ വെബ്സീരീസുമായി വരികയാണെന്നും ആളൂർ ആരോപിച്ചു. എന്നാൽ ഇത് ഇവിടെ പരിഗണിക്കേണ്ട വിഷയമാണോയെന്ന് പരിശോധിക്കട്ടെയെന്ന മറുപടിയാണ് കോടതി നൽകിയത്.