NADAMMELPOYIL NEWS
JANUARY 10/2021

കൊല്ലം;ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ‘മുൻഷി’ പരമ്പരയിൽ പ്രധാന കഥാപാത്രമായ ‘മുൻഷി’യെ അവതരിപ്പിച്ചിരുന്ന കെ പി ശിവശങ്കര കുറുപ്പ് അന്തരിച്ചു.

കൊല്ലം പരവൂർ സ്വദേശിയാണ് അദ്ദേഹം. ‘മുൻഷി’യിൽ ആദ്യത്തെ 10 വർഷം തുടർച്ചയായി ‘മുൻഷി’യെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കെ പി ശിവശങ്കര കുറുപ്പാണ്. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ ഈ കഥാപാത്രത്തിൽ നിന്ന് മാറുകയായിരുന്നു.

നീണ്ട 20 വർഷങ്ങൾകൊണ്ട് ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതമായ കാർട്ടൂൺ സ്ട്രിപ്പാണ് ‘മുൻഷി’. ഓരോ ദിവസവും നടക്കുന്ന പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കി ആക്ഷേപ ഹാസ്യത്തിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ‘മുന്‍ഷി’ ചെയ്യുന്നത്. ഇത്രയും നീണ്ട വർഷങ്ങളുടെ ചരിത്രം പറയാവുന്ന മറ്റൊരു ടെലിവിഷൻ പ്രോഗ്രാം മലയാളികൾക്ക് വേറെയുണ്ടാവില്ല.

ഏറ്റവുമധികം എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്യപ്പെട്ട ടെലിവിഷൻ പരിപാടി എന്ന നിലയിൽ ലിംക ബുക്സ് ഓഫ് വേൾഡ് റെക്കോർഡ്സിലും ‘മുൻഷി’ ഇടം നേടിയിരുന്നു. ‘മുൻഷി’ എന്ന പരമ്പര രണ്ട് പതിറ്റാണ്ടായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് അനിൽ ബാനർജിയാണ്.

കൊല്ലം പരവൂരിലെ നാടകവേദികളിലും കെ.പി.എ.സി യുടെ നാടകങ്ങളിലും നടനായിരുന്നു. ആൾ ഇന്ത്യാ റേഡിയോ തിരുവനന്തപുരം സ്റ്റേഷനിലെ റേഡിയോ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊടിയേറ്റം, സ്വയംവരം, ശ്രീരാമ പട്ടാഭിഷേകം എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ആൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ പരവൂർ മേഖല ഉപദ്ദേശക സമിതി അംഗമായിരുന്നു. ദേവരാജൻ മാസ്റ്റർ, സി.വി പത്മരാജൻ പി.കെ.ഗുരുദാസൻ തുടങ്ങിയ പ്രതിഭകൾ സഹപാഠികളായിരുന്നു.

https://chat.whatsapp.com/EsGC4UILyEnCyzroY7s3b7➖➖➖➖➖➖➖➖➖➖

Leave a Reply

Your email address will not be published. Required fields are marked *