26/09/2020
NADAMMELPOYIL NEWS
മുക്കം; മുക്കത്ത് ഓട്ടോയാത്രക്കാരിയായ വയോധികയെ ബോധരഹിതയാക്കി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിലെ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വേങ്ങര വാക്കാതൊടി ജമാലുദ്ദീനെയാണ് ബംഗളൂരു ജിഗ്നിയിൽ വെച്ച് താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
കേസിലെ ഒന്നാം പ്രതിയായ മുജീബ്റഹ്‌മാൻ വയോധികയിൽ നിന്ന് കവർന്ന സ്വർണ മാല കൊടുവള്ളിയിലെ ജുവലറിയിൽ വിൽക്കാൻ സഹായിച്ചത് ജമാലുദ്ദീനും കാമുകിയായ സൂര്യയും ചേർന്നായിരുന്നു. കേസിൽ സൂര്യ മൂന്നാം പ്രതിയാണ്. മുജീബ് റഹ്മാനെയും സൂര്യയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിനെ തുടർന്ന് ജമാലുദ്ദീൻ ഒളിവിൽ പോകുകയായിരുന്നു.
കഞ്ചാവ് കേസിൽ നേരത്തെ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മുക്കത്തെ സ്റ്റിക്കർ കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഒന്നാംപ്രതി സംഭവം നടത്താൻ ഉപയോഗിച്ച മോഷ്ടിച്ച ഓട്ടോറിക്ഷയുടെ നമ്പർ പ്ലേറ്റ് മാറ്റിയത് ഇവിടെവച്ചാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒരാഴ്ച മുൻപ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് മുൻപാകെ അന്വേഷണസംഘം കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനിടെ, വെസ്റ്റ്ഹിൽ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കഴിയവെ ഒന്നാം പ്രതി മുജീബ് രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഹോട്ടൽ ജോലിക്കാരിയായ വയോധിക ജോലിസ്ഥലത്തേക്ക് പോകും വഴിയാണ് അക്രമത്തിന് ഇരയായത്. യാത്രയ്ക്കിടെ ഓട്ടോ തകരാറിലായെന്ന് പറഞ്ഞ് നിർത്തിയ മുജീബ്, വയോധികയെ ബോധകെടുത്തുകയും തൊട്ടടുത്തുള്ള കാപ്പുമലയിലെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി കൈയ്യും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. ഇവരുടെ ആഭരണങ്ങളും പഴ്സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്.
_______