NADAMMELPOYIL NEWS
MAY 03/2021
തിരുവനന്തപുരം;മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാജി സമര്‍പ്പിക്കും. രാവിലെ തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് മുന്‍പായി രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചായിരിക്കും രാജി സമര്‍പ്പിക്കുക.
എല്‍ഡിഎഫിന് കിട്ടിയ എംഎല്‍എമാരുടെ ഭൂരിപക്ഷം തെളിയിച്ചുള്ള കത്ത് അടുത്ത ദിവസം തന്നെ ഗവര്‍ണറുടെ മുന്നില്‍ സമര്‍പ്പിക്കും. എംഎല്‍എമാരുടെ കത്ത് പരിഗണിച്ച് ഇടത് മുന്നണിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും.
ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്നലെയായിരുന്നു. എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയം നേടി. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 44 വര്‍ഷത്തെ ചരിത്രം തിരുത്തിയാണ് ഇടത് മുന്നണി വീണ്ടും അധികാരത്തിലേറുന്നത്.
വയനാട്, മലപ്പുറം, എറണാകുളം ഒഴികെ 11 ജില്ലകളിലും ഭൂരിപക്ഷം സീറ്റുകൾ എൽ.ഡി.എഫ്. നേടി. പത്തനംതിട്ടയിൽ അഞ്ചിൽ അഞ്ചും തിരുവനന്തപുരത്ത് 14-ൽ 13-ഉം ആലപ്പുഴയിൽ ഒമ്പതിൽ എട്ടും തൃശ്ശൂരിൽ 13-ൽ 12-ഉം ഇടുക്കിയിൽ അഞ്ചിൽ നാലും എൽ.ഡി.എഫ്. നേടി.
ഭരണകാലാവധി തികഞ്ഞശേഷം തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ അതേ സർക്കാർ തിരിച്ചെത്തുന്നത് കേരളചരിത്രത്തിൽ ആദ്യമാണ്. ഇടതുതരംഗ പ്രകമ്പനത്തിൽ യു.ഡി.എഫിന്റെ ഉറച്ചകോട്ടകളും പ്രതീക്ഷകളും നിലംപൊത്തി. പ്രതിപക്ഷമുയർത്തിയ വിവാദങ്ങളൊന്നും ഏശിയില്ല. പ്രളയ ദുരിതാശ്വാസത്തിലും കോവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും സർക്കാർ കാട്ടിയ മികവാണ് ഈ വിജയത്തിലേക്ക് നയിച്ച പ്രധാന കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
മുഖ്യമന്ത്രി പിണറായി വിജയനും ജയിച്ച മന്ത്രിമാരും ഭൂരിപക്ഷം മെച്ചപ്പെടുത്തിയപ്പോൾ ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. മത്സരിച്ച 12 മന്ത്രിമാരിൽ ജെ. മേഴ്സിക്കുട്ടിയമ്മ മാത്രമാണ് തോറ്റത്. മന്ത്രി കെ.കെ. ശൈലജയ്ക്കാണ് ഏറ്റവുംകൂടുതൽ ഭൂരിപക്ഷം- 61,035 വോട്ടുകൾ. ഇത് റെക്കോഡാണ്.