NADAMMELPOYIL NEWS
FEBRUARY 12/2021
കൊച്ചി: വിവാദ പ്രസ്താവനയുമായി ‘നന്മമരം’ ഫിറോസ് കുന്നുംപറമ്പിൽ. നന്ദിയില്ലാത്ത രോഗികളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്ന് ഫിറോസ് കുന്നുംപറമ്പിൽ പറഞ്ഞു. ഒരു കുട്ടിയുടെ ചികിത്സക്കായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്ന് ഫിറോസിനെതിരെ ആരോപണം ഉയർന്നിരുന്നു. ഇതിന് മറുപടി നൽകവെയായിരുന്നു ഫേസ്ബുക്ക് ലൈവിൽ ഫിറോസിന്റെ വിവാദ പരാമർശം.
ചികിത്സക്ക് ശേഷം ബാക്കി വരുന്ന പണം മറ്റ് രോഗികൾക്ക് വീതിച്ച് നൽകുമ്പോൾ അത് തന്റേതാണെന്ന് പറഞ്ഞുവന്ന് കരയുന്ന രോഗികളെയും ഇവരെ കാണിച്ച് കള്ളപ്രചാരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം പൊതുയിടത്തിൽവെച്ച് തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്നായിരുന്നു ഫിറോസിന്റെ പ്രസ്താവന. കുട്ടിയുടെ ചികിത്സക്ക് ശേഷം ബാക്കി പണം മറ്റ് രോഗികൾക്ക് നൽകിയെന്നും എന്നാൽ പിന്നീടും വിവിധ ആവശ്യങ്ങൾക്കായി പണം ചെലവായെന്നും കാണിച്ച് ഇവർ സമീപിച്ചെന്നും ഫിറോസ് പറഞ്ഞു.
അതേസമയം, ഫിറോസ് കുന്നുംപറമ്പിൽ അടക്കമുള്ളവർ ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ ഓൺലൈനിലൂടെ പിരിച്ചെടുക്കുന്ന തുകയുടെ കൃത്യമായ കണക്ക് പുറത്തുവിടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഫേസ്ബുക്ക് ഗ്രൂപ്പായ ചാരിറ്റി ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ആവശ്യം ഉയരുന്നത്. ഇത്തരത്തിൽ പിരിച്ചെടുക്കുന്ന പണത്തിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പുറത്തുവിടണമെന്നാണ് ആവശ്യം.