NADAMMELPOYIL NEWS
FEBRUARY 10/2021
മലപ്പുറം: മലപ്പുറം മമ്പാട്ട് രണ്ട് കുട്ടികളെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. കുട്ടികളുടെ ശരീരത്തില്‍ അടിയേറ്റ പാടുകളുമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലാണ് സംഭവം. രണ്ടാനമ്മയും അച്ഛനും ചേര്‍ന്നുളള പീഡനമാണെന്നാണ് കുട്ടികള്‍ പറയുന്നത്. ഇവരുടെ മാതാപിതാക്കള്‍ തന്നെയാണോ ഒപ്പമുളളതെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
ആറും നാലും വയസുളള കുട്ടികളെയാണ് ദമ്പതിമാര്‍ വീട്ടിനുളളില്‍ പൂട്ടിയിട്ടത്. പട്ടിണി കിടന്ന് അവശനിലയിലായ കുട്ടികളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. കുട്ടികളെ വീട്ടിനുളളില്‍ അടച്ചിട്ട് പോകുന്ന ദമ്പതിമാര്‍ അവര്‍ക്ക് ഭക്ഷണമോ വെളളമോ നല്‍കിയിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭക്ഷണം കൊടുക്കാതെ കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ടാണ് ദമ്പതികള്‍ പുറത്തു പോകുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. അധികൃതര്‍ എത്തി പൂട്ടു പൊളിച്ച് വീട്ടില്‍ പ്രവേശിച്ചപ്പോഴാണ് കുട്ടികളെ അവശനിലയില്‍ കണ്ടെത്തിയത്. ദിവസങ്ങളായി ഭക്ഷണം കിട്ടാതെ അവശരായ കുട്ടികള്‍ നേരെ നില്‍ക്കാനോ നടക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇളയകുട്ടിക്ക് കണ്ണുതുറക്കാന്‍ പോലും പറ്റിയിരുന്നില്ല.
ആശുപത്രിയിലെത്തിച്ച് വെളളവും ബിസ്‌കറ്റും മറ്റും നല്‍കിയതോടെയാണ് കുട്ടികളുടെ നില അല്‍പ്പം മെച്ചപ്പെട്ടത്. ദമ്പതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും കുട്ടികള്‍ ഇവരുടേത് തന്നെയാണോ എന്നു ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ആശുപത്രിയിലെത്തിച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലില്‍ കുട്ടികള്‍ തങ്ങളുടേത് തന്നെയാണെന്നും പുറത്തിറങ്ങി പോകാതിരിക്കാനാണ് കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ടതെന്നുമാണ് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ മറുപടി.