NADAMMELPOYIL NEWS
FEBRUARY 09/2021
മലപ്പുറം: മങ്കട വേരുംപിലാക്കലിൽ സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഗുഡ്സ് ഓട്ടോയിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. അപകടത്തിൽ ബസിലെ യാത്രക്കാർക്കും പരിക്കുണ്ട്. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.
മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ ഒരാളുടെ പോക്കറ്റിൽനിന്ന് മുക്കം അഗസ്ത്യമുഴി ഷിജു എന്നയാളുടെ ഡ്രൈവിങ് ലൈസൻസ് ലഭിച്ചിട്ടുണ്ട്. മറ്റൊരാളുടെ പോക്കറ്റിൽനിന്ന് സുരേഷ്ബാബു എന്ന പേരിലുള്ള മരുന്ന് കുറിപ്പടിയും ലഭിച്ചു. മരിച്ചവർ മുക്കം സ്വദേശികളാണെന്നാണ് സംശയം. മൂവരുടെയും മൃതദേഹങ്ങൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസും ചെടികളുമായി വരികയായിരുന്ന ഗുഡ്സ് ഓട്ടോയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
പെരിന്തൽമണ്ണ സിവിൽ ഡിഫൻസ്, ട്രോമാകെയർ, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.