തിരുവനന്തപുരം: സ്‌കൂൾ പ്രവേശന നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തുവരെ പ്രവേശനം നേടുന്നതിനും വിടുതൽ സർട്ടിഫിക്കറ്റിനും ഓൺലൈനായി (sampoorna.kite.kerala.gov.in) രക്ഷകർത്താക്കൾക്ക് അപേക്ഷ സമർപ്പിക്കാം.
നേരിട്ട് അപേക്ഷ നൽകിയവർ ഓൺലൈനിൽ അപേക്ഷിക്കേണ്ടതില്ല. നിലവിൽ ~ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള ക്ലാസ് പ്രൊമോഷൻ ‘സമ്പൂർണ’ വഴി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുപോലെ തുടരുന്നതിനും ക്ലാസ് പ്രൊമോഷൻ വഴിയോ അല്ലാതെയോ ഉള്ള സ്‌കൂൾ മാറ്റത്തിന് ടി.സി.യ്ക്കുവേണ്ടി അപേക്ഷിക്കുമ്പോൾ ‘സമ്പൂർണ’ വഴി തന്നെ നൽകുന്നതിനുമാണ് ഉത്തരവ്.
ടി.സി.യ്ക്കുള്ള അപേക്ഷ ലഭിക്കുന്ന സ്‌കൂളിലെ പ്രഥമാധ്യാപകർ ‘സമ്പൂർണ’ വഴി ട്രാൻസ്ഫർ ചെയ്യേണ്ടതും ടി.സി.യുടെ ഡിജിറ്റൽ പകർപ്പ് പുതുതായി ചേർക്കുന്ന സ്‌കൂളിന് ലഭ്യമാക്കേണ്ടതുമാണ്. സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ തുടങ്ങി മറ്റു സ്ട്രീമുകളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേയ്ക്കു വരുന്ന കുട്ടികൾക്കും പുതുതായി സ്‌കൂൾ പ്രവേശനം തേടുന്ന കുട്ടികൾക്കും ‘സമ്പൂർണ’വഴി അപേക്ഷിക്കാം.പ്രഥമാധ്യാപകരുടെ ‘സമ്പൂർണ’ ലോഗിനിൽ ലഭിക്കുന്ന അപേക്ഷകൾക്കനുസരിച്ച് കുട്ടിയ്ക്ക് താൽക്കാലിക പ്രവേശനം നൽകും.
അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന റഫറൻസ് നമ്പർ ഉപയോഗിച്ച് രക്ഷിതാവിന് അപേക്ഷയുടെ തൽസ്ഥിതി സമ്പൂർണ പോർട്ടലിൽ പരിശോധിക്കുന്നതിനും അവസരം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.പ്രവേശനവുമായി ബന്ധപ്പെട്ട ഒറിജിനൽ രേഖകൾ സ്‌കൂളിൽ പ്രവേശിക്കുന്ന ദിവസം/ ആവശ്യപ്പെടുന്ന സമയത്ത് നൽകിയാൽ മതി. നിലവിൽ ആധാർ നമ്പർ (യു.ഐ.ഡി.) ലഭിച്ച കുട്ടികൾ ആ നമ്പറും, യു.ഐ.ഡിയ്ക്ക് അപേക്ഷിക്കുകയും എൻറോൾമെന്റ് ഐ.ഡി. ലഭിക്കുകയും ചെയ്തിട്ടുള്ളവർ ആ നമ്പറും (ഇ.ഐ.ഡി) നിർബന്ധമായും രേഖപ്പെടുത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആധാറിന് അപേക്ഷിച്ചിട്ടില്ല എങ്കിൽ ‘ഇല്ല’ എന്ന് രേഖപ്പെടുത്താൻ സോഫ്റ്റ്‌വെയറിൽ സംവിധാനമുണ്ട്. ഓൺലൈൻ പ്രവേശനം സംബന്ധിച്ച സഹായക രേഖകൾ, വീഡിയോ എന്നിവ sampoorna.kite.kerala.gov.in ൽ ലഭ്യമാണ്.