കൊടുവള്ളി: സുരക്ഷാ മുന്നറിയിപ്പുസംവിധാനങ്ങൾ ഒരുക്കാതെ ഗെയ്‌ൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്ന ദേശീയപാതയിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കി പ്രവൃത്തിനടത്താൻ പ്രവൃത്തി കരാറെടുത്ത കമ്പനിയധികൃതർക്ക് നിർദേശം നൽകിയതായി നാഷണൽ ഹൈവേ ഡിവിഷൻ അസിസ്റ്റൻറ്്‌ എക്സിക്യുട്ടീവ് എൻജിനിയർ പി.കെ. ജമാൽ മുഹമ്മദ് പറഞ്ഞു. അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ വ്യാഴാഴ്ച കമ്പനി അധികൃതരെ വിളിച്ചുവരുത്തി നാഷണൽ ഹൈവേ ഡിവിഷൻ അസിസ്റ്റൻറ്്‌ എക്സിക്യുട്ടീവ് എൻജിനിയർ ജനപ്രതിനിധികളുടെയും പോലീസിന്റെയും സാന്നിധ്യത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് കമ്പനി അധികൃതർക്ക് നിർദേശങ്ങൾ നൽകിയത്. പ്രവൃത്തികൾ പൂർത്തിയായ പരപ്പൻപൊയിൽമുതൽ വാവാട് ഇരുമോത്ത് വരെയുള്ള ഭാഗങ്ങളിൽ ചൊവ്വാഴ്ചമുതൽ ടാറിങ് പ്രവൃത്തികൾ നടത്തും. മറ്റു ഭാഗങ്ങളിൽ കുഴികൾ നികത്തിയ ഭാഗങ്ങളിൽ ഇളകിയ കല്ലുകൾ ദിവസവും തൂത്തുവാരി അപകടരഹിതമാക്കും. പ്രവൃത്തികൾ നടക്കുന്ന ഭാഗങ്ങളിൽ ഓരോ 250 മീറ്ററിലും ആവശ്യമായ സൂചകബോർഡുകൾ സ്ഥാപിക്കുകയും സുരക്ഷാസംവിധാനങ്ങൾ ഒരുക്കുകയും ആവശ്യമായ തൊഴിലാളികളെ നിയമിക്കുകയും ചെയ്യും.

കൊടുവള്ളി ടൗണിലെ പ്രവൃത്തികൾ രാത്രിയിൽ നടത്തും. പ്രവൃത്തികൾ നടന്നുവരുന്നതിനാൽ അപകടങ്ങൾ മുന്നിൽക്കണ്ട് വാഹനങ്ങൾ വേഗംകുറച്ച് പോവേണ്ടതുമാണ്.

വിവിധ ഭാഗങ്ങളിലായി രണ്ടുമാസത്തിനിടെ ചെറുതും വലുതുമായ അൻപതിലേറെ അപകടങ്ങളാണ് നടന്നത്. യോഗത്തിൽ നഗരസഭ ചെയർമാൻ അബ്ദു വെള്ളറ, ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.എം. സുഷിനി, സി.ഐ. പി. ചന്ദ്രമോഹൻ, എസ്.ഐ. എ. സായുജ്കുമാർ, കൗൺസിലർമാരായ പി.വി. ബഷീർ, ടി. മൊയ്തീൻകോയ, കെ. ശിവദാസൻ, എൻ.എച്ച്. വിഭാഗം അസിസ്റ്റൻറ്്‌ എൻജിനിയർ കെ. ഷമേജ്, കമ്പനി പ്രതിനിധികളായ നിഥിൻ നാസറുദ്ധീൻ, അയ്യപ്പദാസ്, കെ.കെ. രാഹുൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *