സാഹോദര്യത്തണൽ വിരിക്കാം: ഫ്രറ്റേണിറ്റി പരിസ്ഥിതി ദിനമാചരിച്ചു
കോഴിക്കോട്: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് “നമുക്ക് സാഹോദര്യത്തണൽ വിരിക്കാം” എന്ന സന്ദേശമുയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കാമ്പയിന്റെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പരിസ്ഥിതി ദുർബല പ്രദേശമായ കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം നടത്താനുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെ കഴിഞ്ഞ രണ്ടര വർഷക്കാലമായി ചെങ്ങോട്ടുമല സംരക്ഷണ സമര സമിതി നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വൃക്ഷത്തൈകൾ നട്ടു. ജില്ലാ തല ഉദ്ഘാടനം യുവ കവിയും സാംസ്കാരിക പ്രവർത്തകനുമായ ബൈജു ആവള നിർവഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മനു മാധവ്, സെക്രട്ടറിയേറ്റംഗം മുജാഹിദ് മേപ്പയൂർ എന്നിവർ നേതൃത്വം നൽകി.
പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ശോഭീന്ദ്രൻ മാഷിനെ ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി ഹിഷ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. സംസ്ഥാന വ്യാപകമായി 5000 സാഹോദര്യ മരങ്ങൾ നടുന്നതിന്റെ ഭാഗമായി മണ്ഡലങ്ങളുടെയും, ക്യാംപസ് യൂണിറ്റുകളുടെയും നേതൃത്വത്തിൽ
ജില്ലയിലുടനീളം സാഹോദര്യ മരങ്ങൾ നട്ടുപിടിപ്പിച്ചു. ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി വസീം ആർ.എസ്, സംസ്‌ഥാന സെക്രട്ടറി നഈം ഗഫൂർ, സംസ്‌ഥാന കമ്മിറ്റി അംഗം അഫീഫ്, ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗല്ലൂർ എന്നിവർ വിവിധ മണ്ഡലങ്ങളിലായി ഉദ്ഘാടനങ്ങൾ നിർവ്വഹിച്ചു. പരിസ്‌ഥിതി ക്യാമ്പയിനിന്റെ ഭാഗമായി ജൂണ് 10 വരെ വിവിധ പരിപാടികൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.