പാരിസ്: ആദ്യകാലങ്ങളിൽ മറ്റ് അസുഖങ്ങളുള്ളവരാണ് കൊവിഡ് ബാധിച്ചാൽ മരണപ്പെടുന്നതെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ അടുത്തിടെയായി പൂർണ ആരോഗ്യമുള്ളവർ പോലും കൊവിഡിന്റെ പിടിയിലമർന്ന് മരണപ്പെടുന്നു. ഇത് ലോകത്തെ കുറച്ചൊന്നുമല്ല ആശങ്കുപ്പെടുത്തിയത്. ഇപ്പോഴിതാ ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് മറ്റ് പകർച്ചവ്യാധികളെ അപേക്ഷിച്ച് കുറവാണെന്നാണ് ശാസ്ത്രം പറയുന്നത്.
പലപ്പോഴും 2 ശതമാനത്തിൽ താഴെയാണ് മരണനിരക്ക്. അതായത് കൊവിഡ് ബാധിക്കുന്ന എല്ലാവരും മരിക്കില്ല, പക്ഷേ ചിലർ മരിക്കുന്നു.കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ചില രോഗികളിൽ ഒരു പ്രത്യേക ആന്റിബോഡി കണ്ടുവരുന്നുണ്ട്. ഇവ രോഗപ്രതിരോധശേഷി നൽകുന്ന പ്രൊട്ടീനുകളെ നിർജീവമാക്കുന്നു. ഓട്ടോആന്റിബോഡി എന്നറിയപ്പെടുന്ന ഈ ആന്റിബോഡികൾ വൈറസ് പെരുകുന്നതിനും നമ്മുടെ ശരീരത്തിലെ കോശങ്ങളെ ആക്രമിക്കാനും അനുമതി നൽകുന്നു..
ഇതാണ് ചില കൊവിഡ് ബാധിതരെ മരണത്തിലേക്ക് നയിക്കുന്നതെന്നാണ് കണക്കാക്കുന്നത്.പുരുഷന്മാരിലാണ് ഈ ആന്റിബോഡി കൂടുതലായി കാണുന്നത്. അതുകൊണ്ടാണ് കൊവഡ് ബാധിച്ച് മരിക്കുന്നവരിൽ പുരുഷന്മാരുടെ എണ്ണം കൂടുതലെന്നും ശാസ്ത്രലോകം പറയുന്നു.കൊവിഡ് രോഗികളിൽ ഓട്ടോആന്റിബോഡിയുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിച്ചാൽ അവരെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിക്കുമെന്ന് പാരിസിലെ ആൻസ്റ്റിറ്റിയൂട്ട് ഇമാജിനും, ന്യൂയോർക്കിലെ റോക്ക്‌ഫെലർ സർവകലാശാലയിലെ സംഘവും അഭിപ്രായപ്പെട്ടു.