ക്വാറന്റീനിൽ കഴിഞ്ഞ കുടുംബത്തിന് നേരത്തെ ആക്രമണം. കോഴിക്കോട് അത്തോളി സ്വദേശി സഞ്ജുവിന്റെ വീടിന് നേരെയാണ് വ്യാഴാഴ്ച പുലർച്ചെ അക്രമണമുണ്ടായത്.
സംഭവത്തിൽ അയൽവാസിയായ ശ്യാംജിത്തിനെതിരേ അത്തോളി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം സഞ്ജുവിന്റെ മൂന്ന് വയസുള്ള മകളെ കോയമ്പത്തൂരിൽ നിന്ന് കൊണ്ടുവന്നതിനെത്തുടർന്നാണ് കുടുംബം ക്വാറന്റീനിലായത്. സഞ്ജുവും കുട്ടിയും വീട്ടിലെത്തിയ ഉടൻ നാട്ടുകാരിൽ ചിലർ കുട്ടിയെ കൊണ്ടുവന്നത് തങ്ങൾക്ക് ഭീഷണിയാണെന്ന് പറഞ്ഞ് സഞ്ജുവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് അയൽവാസിയായ ശ്യാംജിത്ത് ബൈക്കിൽ സഞ്ജുവിന്റെ വീട്ടിലെത്തി അസഭ്യവാക്കുകൾ പറയുകയും ജനൽ ചില്ല് അടിച്ചുതകർക്കുകയും ചെയ്തത്. ക്വാറന്റീനിൽ കഴിഞ്ഞ കുടുംബത്തിന് നേരെ അതിക്രമം നടത്തി, കുട്ടികളെ ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരേ പോലീസ് കേസെടുത്തത്.വ്യാഴാഴ്ച പുലർച്ചെ തന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം ശ്യംജിത്തിനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.