ഇശലുകൾ വിരിയിച്ച പാട്ടെഴുത്ത്കാരന് ഫോക്ലോർ അക്കാദമിയുടെ അംഗീകാരം
*21, JUL 2020* - 10:27 AM
KODUVALLY NEWS
കൊടുവള്ളി: മാപ്പിളപ്പാട്ട്-കലാരംഗത്തും നാടകരംഗത്തും നിറഞ്ഞ സാന്നിധ്യമായ നന്മ നിറഞ്ഞ പാട്ടെഴുത്തുകാരൻ പക്കർ പന്നൂരിന് ഫോക്ലോർ അക്കാദമിയുടെ അംഗീകാരം.
2018 വർഷത്തെ മാപ്പിളപ്പാട്ട് രംഗത്തെ പ്രതിഭകൾക്കു നൽകുന്ന 15,000 രൂപയുടെ ഫെലോഷിപ്പാണ് കിഴക്കോത്ത് പന്നൂർ സ്വദേശിയായ പക്കർ പന്നൂരിന് ലഭിച്ചത്. 2012ൽ കേരള ഫോക്ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരവും പക്കർ പന്നൂരിനെ തേടിയെത്തിയിരുന്നു.
അധ്യാപകൻ, രചയിതാവ്, ഗ്രന്ഥകാരൻ, വിധികർത്താവ്, പ്രാസംഗികൻ തുടങ്ങി ബഹുമുഖ പ്രതിഭയാണ് പക്കർ പന്നൂർ. കാൽനൂറ്റാണ്ട് കാലം പന്നൂർ ഗവ. ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. തുടർന്ന് നെടിയനാട് ഗവ. പ്രൈമറി സ്കൂളിൽ പ്രധാനാധ്യാപകനായിരിക്കെ 2005ൽ റിട്ടയർ ചെയ്തു.
മാപ്പിളപ്പാട്ടും കവിതയും ലേഖനങ്ങളും എഴുതിവരുന്ന പക്കർ പന്നൂരിൻെറതായി പ്രസിദ്ധീകരിക്കപ്പെട്ടതും ആകാശവാണി, ദൂരദർശൻ, കാസറ്റ്, ഓഡിയോ സി.ഡി. ആൽബ മാധ്യമങ്ങളിൽ റെക്കോഡ് ചെയ്യപ്പെട്ടതുമായ ഒട്ടേറേ മികച്ച രചനകളുണ്ട്.
സംഗീത നാടക അക്കാദമി, ഫോക്ലോർ അക്കാദമി, വൈദ്യർ സ്മാരക കമ്മിറ്റി, ഉബൈദ് സ്മാരക സമിതി തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സെമിനാറുകൾ, ക്ലാസുകൾ, മാപ്പിള കലാ വിഷയങ്ങളിലുള്ള കവിയരങ്ങുകൾ എന്നിവയിൽ രചനകളും അവതരിപ്പിക്കാറുണ്ട്. എൻ.ബി.എസ് പ്രസിദ്ധീകരിച്ച ‘മാപ്പിള കലാദർപ്പണം’ റഫറൻസ് ഗ്രന്ഥത്തിെൻറ എഡിറ്ററാണ്.
2006 മുതൽ 2011വരെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള കൊണ്ടോട്ടിയിലെ വൈദ്യർ സ്മാരക കമ്മിറ്റി അംഗമായിരുന്നു. വിവിധ സംസ്ഥാന മത്സരങ്ങളിൽ അപ്പീൽ കമ്മിറ്റി അംഗമായ പക്കർ പന്നൂർ ഒട്ടനവധി സ്വദേശ, വിദേശ മാപ്പിള കല സംഘടനകളിലും മറ്റു സംഘടനകളിലും പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
1989 മുതൽ 25 വർഷമായി സംസ്ഥാന സ്കൂൾ കലോത്സവം ഉൾപ്പെടെ വിവിധ വേദികളിൽ മാപ്പിള കലാ മത്സരങ്ങളുടെ വിധികർത്താവാണ്. ‘പ്രതിഭാകരഞ്ചി’ എന്ന പേരിലറിയപ്പെടുന്ന കർണാടക സംസ്ഥാന സ്കൂൾ യുവജനോത്സവ മാന്വൽ രൂപവത്കരണ കമ്മിറ്റി അംഗവുമാണ്. നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
2010 വൈദ്യർ സ്മാരകം രചന അവാർഡ്, കാസർകോട് ജില്ല മാപ്പിളപ്പാട്ട് ആസ്വാദകസംഘം അവാർഡ്, 2010 മൊഗ്രാൽ രചന അവാർഡ്, 2012 കേരള ഫോക്ലോർ അക്കാദമി ഗുരുപൂജ പുരസ്കാരം, 2013ലെ കാപ്പാട് കലാകേന്ദ്രം അവാർഡുകൾ എന്നിവക്ക് അർഹനായിട്ടുണ്ട്. നിലവിൽ കൊണ്ടോട്ടിയിലെ വൈദ്യർ സ്മാരക കമ്മിറ്റി അംഗവും പഠനവിഭാഗത്തിൻെറ ചുമതല വഹിക്കുന്നുമുണ്ട്.
_______
ഏറ്റവും പുതിയ വാർത്തകൾ…
ഏറ്റവും വേഗത്തിൽ അറിയാൻ
KODUVALLY NEWS ഗ്രൂപ്പിൽ അംഗമാവുകഃ