തിരുവമ്പാടി: കാലവർഷം തുടങ്ങി ഒരു മാസത്തിനിടയിൽ മലയോരമേഖലയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് മൂന്ന് യുവാക്കൾ. കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെയുണ്ടായ അപകടമരണങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. വെള്ളിയാഴ്ച ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മഞ്ഞുവയൽ സ്വദേശി ജെയിംസിന്റെ മൃതദേഹം കണ്ടെടുത്തതോടെയാണ് മരണം മൂന്നായത്.
ജൂൺ ആറിനാണ് ആദ്യ ദുരന്തമുണ്ടായത്. ഉറുമി ജലവൈദ്യുതപദ്ധതി പ്രദേശത്ത് സുഹൃത്തുക്കൾക്കൊപ്പം എത്തിയ മുക്കം നീലേശ്വരം സ്വദേശി ഹാനി റഹ്മാനാണ് ഇരുവഞ്ഞിയുടെ കൈവഴിയായ പൊയിലിങ്ങാപ്പുഴയിൽ ഒഴുക്കിൽപ്പെട്ടത്. പിറ്റേന്ന് പത്ത് കിലോമീറ്റർ താഴെനിന്നാണ് മൃതദേഹം കിട്ടിയത്.
ജൂൺ 11-ന് കൂടരഞ്ഞി സ്വദേശി മജീത് ചെറുപുഴയിൽ മുങ്ങിമരിച്ചു. കൂട്ടക്കര കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപ്പറേറ്ററായിരുന്ന മജീത് പമ്പ് ഹൗസിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. വീട്ടിലെത്താത്തതിനെത്തുടർന്ന് പിറ്റേന്ന് നടത്തിയ അന്വേഷണത്തിൽ പമ്പ് ഹൗസിന് സമീപം വസ്ത്രങ്ങളും മറ്റും കിട്ടി. പുഴയിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.