മലപ്പുറം പൊന്നാനിയിൽ കോവിഡ് വ്യാപനമുണ്ടായ രണ്ട് സകൂളുകളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും സമ്പർക്കത്തിലുള്ളവരുടെ കോവിഡ് പരിശോധന ഉടൻ നടത്തും.
ഇന്നലെ മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‍കൂളിൽ 150 പത്താം ക്ലാസ് വിദ്യാർഥികളടക്കം 184 പേർക്കും പെരുമ്പടപ്പ് വന്നേരി സ്‍കൂളിൽ 76 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദ്യാർഥികളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാറഞ്ചേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. 684 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 184 പേർക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തി. 148 വിദ്യാർഥികൾക്കും 34 അധ്യാപകർക്കുമാണ് വൈറസ് ബാധ. അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വന്നേരി സ്കൂളിലും സമാന രീതിയിൽ കൂടുതൽ പേർക്ക് വൈറസ് ബാധയേറ്റതായി കണ്ടെത്തി. 53 വിദ്യാർത്ഥികളിൽ 43 പേരും, ആകെ 33 അധ്യാപകരിൽ 33 പേർക്കും കോവിഡ് പരിശോധന പോസിറ്റീവായി. വിദ്യാർഥികളെല്ലാം പത്താം ക്ലാസുകാരാണ്. എന്നാല് കാര്യമായ രോഗലക്ഷണങ്ങൾ ആർക്കുമില്ല എന്നതാണ് ആശ്വാസകരം. മുഴുവൻ പേരോടും കർശനമായ നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.
സ്കൂളുകളിലെയും ഹയർസെക്കൻഡറി വിദ്യാർത്ഥികളിലും ഉടൻ പരിശോധന നടത്തും. 2 സ്കൂളുകളിൽ കൂടുതൽ പേരിൽ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകി.