?ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള റെനി ഗ്രാമത്തിലേക്ക് നന്ദാദേവി പര്‍വ്വതത്തില്‍ നിന്ന് വന്‍മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായത് വന്‍ദുരന്തം. റെനി ഗ്രാമത്തിന് അടുത്തുള്ള ഋഷിഗംഗ പവര്‍ പ്രോജക്ട് തകര്‍ന്ന് പത്ത് പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡാംസൈറ്റില്‍ ജോലി ചെയ്തിരുന്ന 150ഓളം തൊഴിലാളികളെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിയ 16 പേരേയും രക്ഷപ്പെടുത്തി. ഐടിബിപി ഉദ്യോഗസ്ഥരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ മുഴുവന്‍ തൊഴിലാളികളെയും രക്ഷപ്പെടുത്തിയത്.സ്ഥലത്ത് ഐടിബിപി, ദുരന്തപ്രതികരണസേന എന്നിവരെയിറക്കി രക്ഷാപ്രവര്‍ത്തനം രാത്രിയിലും തുടരുകയാണ്. 600 അംഗ സൈന്യത്തിന്റെ ഗ്രൂപ്പുകളെയും ദുരന്തനിവാരണസേനയെയും വ്യോമസേനയെയും ഡെറാഡൂണില്‍ നിന്ന് സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് വന്‍വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. അളകനന്ദ, ധൗളിഗംഗ നദിക്കരകളിലുള്ള ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു.
?കര്‍ഷക പ്രക്ഷോഭത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ലതാ മങ്കേഷ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നീ പ്രമുഖരുടെ യശസ്സ് കേന്ദ്രം ഇല്ലാതാക്കരുതായിരുന്നുവെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടതാണെന്നും രാജ്യവുമായി അതിന് ബന്ധമില്ലെന്നും രാജ് താക്കറെ പറഞ്ഞു.
?കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും സംസ്ഥാനത്തെ കൊള്ളയടിക്കാന്‍ കരാറുണ്ടാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളില്‍ തിരശീലയ്ക്ക് പിന്നില്‍ തൃണമൂലും ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ സൗഹൃദവും രഹസ്യധാരണയുണ്ടെന്നും മോദി ആരോപിച്ചു.
?ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ഒളിച്ചുകളി അവസാനിപ്പിക്കണം. അഴകൊഴമ്പന്‍ നിലപാട് മാറ്റി വിശ്വാസികളോടൊപ്പമാണോ അല്ലയോ എന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. നവോത്ഥാന നായകന്റെ ചമയങ്ങളും പൊയ്മുഖവും അഴിച്ചുവച്ച് നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
?ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരേ അപവാദകരമായ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതിന് സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍. തിരുവനന്തപുരം സൈബര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്‌തെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.
?കത്വ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കാന്‍ തയ്യാറാണെന്ന് യൂത്ത് ലീഗ്. കേസ് ആദ്യം കൈകാര്യം ചെയ്തിരുന്ന ദീപിക സിങ് രജാവത്ത് രണ്ട് തവണ മാത്രമാണ് ഹാജരായതെന്നും കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് അവര്‍ പിന്‍മാറി മുബീന്‍ ഫറൂഖി എത്തിയതെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. ദീപിക സിങ് രജാവത്തിന് പണം കൊടുത്തൂവെന്ന് ആരോടും പറഞ്ഞിട്ടില്ല. ദീപികയ്ക്ക് മൂബീന്‍ ഫറൂഖിയെ അറിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും സുബൈര്‍ പറഞ്ഞു.
?കത്വ കേസിനായി നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി അഭിഭാഷകന്‍ മുബീന്‍ ഫറൂഖി. അനാവശ്യ വിവാദമാണ് കത്വ കേസിന്റെ പേരില്‍ ഇപ്പോള്‍ ഉയരുന്നതെന്ന് അഭിഭാഷകന്‍ മുബീന്‍ ഫറൂഖി. യൂത്ത് ലീഗില്‍ നിന്ന് ലഭിച്ച പണം കേസിന്റെ ആവശ്യങ്ങള്‍ക്കായിട്ടാണ് ഉപയോഗിച്ചത്. ഇപ്പോഴും അഭിഭാഷകര്‍ക്ക് ഫീസ് നല്‍കുന്നുണ്ട്. ദീപിക സിംഗ് രജാവത്ത് കേസില്‍ ഹാജരായത് രണ്ട് തവണ മാത്രമാണ്. 2018 നവംബറില്‍ ഇവരുടെ വക്കാലത്ത് ഒഴിവാക്കിയതാണ്. കത്വ പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ട പ്രകാരമാണ് ഇവരെ മാറ്റിയത്.
?തദ്ദേശതെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനും ട്വന്റി 20. ഇതിന്റെ മുന്നോടിയായി ജനകീയ കൂട്ടായ്മ എന്ന മുഖം മാറ്റി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് അംഗത്വ വിതരണം തുടങ്ങി. എറണാകുളം ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലുള്ളവര്‍ക്കാണ് അംഗത്വ വിതരണം. ഇതോടെ ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കുമോ എന്നതാണ് ആകാംക്ഷ.
?കേരളത്തില്‍ ഇന്നലെ 65,517 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3867 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 335 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5948 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 67,650 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87.
?സംസ്ഥാനത്ത് ഇന്നലെ 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 445 ഹോട്ട് സ്‌പോട്ടുകള്‍.
?പത്തനംതിട്ട മുന്‍ കളക്ടറും അഡീഷനല്‍ ഇലക്ടറല്‍ ഓഫീസറുമായ പിബി നൂഹിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
?പൊന്നാനിയില്‍ ഒരു സ്‌കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ഒരു വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പത്താംക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 684 പേരെ പരിശോധിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച 150 വിദ്യാര്‍ഥികളും പത്താംക്ലാസ്സുകാരാണ്. ആര്‍ക്കും രോഗലക്ഷണങ്ങളില്ല.
?മലപ്പുറം പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും കൊവിഡ് വ്യാപനം. 33 അധ്യാപകര്‍ക്കും 43 വിദ്യാര്‍ത്ഥികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സ്‌കൂളില്‍ പരിശോധിച്ച 53 വിദ്യാര്‍ത്ഥികളില്‍ 43 പേര്‍ക്കും, 33 അധ്യാപകരില്‍ 33 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അധ്യാപകരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
?20 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് തടയുന്ന പൊളിച്ചടുക്കല്‍ നയം നടപ്പായാല്‍ കേരളത്തിലെ 35 ലക്ഷം വാഹനങ്ങളെ ബാധിക്കും. 20 വര്‍ഷത്തിലേറെ പഴക്കമുള്ള 35 ലക്ഷം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. ഇതില്‍ 70 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. രണ്ടാം സ്ഥാനത്തുള്ളത് കാറുകളാണ്.
?ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴി വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പില്‍ മലയാളികള്‍ക്കു കൂടി പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. മുമ്പ് ഫോണ്‍ വിളി എത്തിയിരുന്നത് ഇംഗ്ലീഷിലായിരുന്നു. എന്നാലിന്ന് മലയാളികളാണ് വിളിക്കുന്നത്. അതും സ്ത്രീകള്‍.
?സര്‍ക്കാര്‍ പരിപാടികളില്‍ പ്രസംഗങ്ങള്‍ ഭിന്നശേഷിക്കുവേണ്ടി വിവര്‍ത്തനം ചെയ്യാന്‍ ആംഗ്യഭാഷ വിദഗ്ദരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നശേഷിക്കാരുമായുള്ള കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
?വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കി.മീറ്റര്‍ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. സംസ്ഥാന സര്‍ക്കാര്‍ 2020 ജനവരിയില്‍ സമര്‍പ്പിച്ച ഭേദഗതി ചെയ്ത ശുപാര്‍ശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടത്. പരിസ്ഥിതി ലോല മേഖലകള്‍ വിജ്ഞാപനം ചെയ്യുമ്പോള്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.
?പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതു വേദിയില്‍ പുകഴ്ത്തി സുപ്രീംകോടതി ജഡ്ജി എം ആര്‍ ഷാ. ജനപ്രിയനും സ്നേഹിക്കപ്പെടുന്നവനും ദീര്‍ഘദര്‍ശിയുമായ നേതാവാണ് മോദിയെന്നാണ് എം ആര്‍ ഷാ വിശേഷിപ്പിച്ചത്. എം ആര്‍ ഷായുടെ മോദി സ്തുതിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പൊതു ചടങ്ങുകളില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അഭിപ്രായപ്പെട്ടു. ഒരു സിറ്റിംഗ് സുപ്രീംകോടതി ജഡ്ജി പ്രധാനമന്ത്രിയെ പ്രശംസിക്കുന്നത് കണ്ട് ആശ്ചര്യപ്പെട്ടു പോയെന്നാണ് മുന്‍ സുപ്രീംകോടതി ജഡ്ജി ഗോപാല ഗൗഡ പറഞ്ഞത്.
?വി കെ ശശികലയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി. നൂറ് കോടിയിലധികം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ചെന്നൈയിലെ ആറിടങ്ങളിലെ ബംഗ്ലാവും ഭൂമിയും കണ്ടുകെട്ടി. ജയില്‍മോചിതയായ ശശികല ഇന്ന് ചെന്നൈയില്‍ എത്താനിരിക്കേയാണ് നടപടി.
?ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 11,528 കോവിഡ് രോഗികള്‍. ഇതില്‍ 6075 കോവിഡ് രോഗികളും കേരളത്തില്‍. മരണം 82. ഇതോടെ ആകെ മരണം 1,55,114 ആയി. ഇതുവരെ 1,08,38,843 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.46 ലക്ഷം കോവിഡ് രോഗികള്‍.
?മഹാരാഷ്ട്രയില്‍ 2,673 പേര്‍ക്കും ഡല്‍ഹിയില്‍ 119 പേര്‍ക്കും തമിഴ്നാട്ടില്‍ 471 പേര്‍ക്കും കര്‍ണാടകയില്‍ 487 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 73 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
?ആഗോളതലത്തില്‍ കോവിഡ് വ്യാപനം കുറയുന്നു. ഇന്നലെ 3,41,412 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 86,367 പേര്‍ക്കും ബ്രസീലില്‍ 26,845 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.66 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.58 കോടി കോവിഡ് രോഗികള്‍.
?ആഗോളതലത്തില്‍ 7,742 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,309 പേരും മെക്സിക്കോയില്‍ 1,496 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 23.26 ലക്ഷം മരണം സ്ഥിരീകരിച്ചു.
?ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിന് തകര്‍പ്പന്‍ വിജയം. കരുത്തരായ ജംഷേദ്പുരിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഡാനിയേല്‍ ഫോക്‌സും സംഘവും കീഴടക്കിയത്. ഈസ്റ്റ് ബംഗാളിനായി മാറ്റി സ്റ്റെയിന്‍മാനും ആന്റണി പില്‍കിങ്ടണും സ്‌കോര്‍ ചെയ്തപ്പോള്‍ നായകന്‍ പീറ്റര്‍ ഹാര്‍ട്‌ലി ജംഷേദ്പുരിന്റെ ആശ്വാസ ഗോള്‍ നേടി.
?ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തുല്യ ശക്തികളുടെ പോരാട്ടത്തില്‍ സമനിലയില്‍ പിരിഞ്ഞ് ഹൈദരാബാദ് എഫ്.സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും. ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. പക്ഷേ തകര്‍പ്പന്‍ പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്.
?ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഫോളോഓണ്‍ ഭീഷണി. സന്ദര്‍ശകരുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 578 റണ്‍സ് പിന്തുടരുന്ന ഇന്ത്യ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 257 എന്ന നിലയിലാണ്. 33 റണ്‍സോടെ വാഷിംഗ്ടണ്‍ സുന്ദറും 8 റണ്‍സോടെ ആര്‍ അശ്വിനുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇനിയും 321 റണ്‍സ് കൂടി വേണം. ഫോളോഓണ്‍ ഒഴിവാക്കാന്‍ നാല് വിക്കറ്റ് ശേഷിക്കെ 121 റണ്‍സാണ് വേണ്ടത്.ഡോം ബെസ്സിന്റെ നാല് വിക്കറ്റുകളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലൊടിച്ചത്.
? 5ജിയുടെ തള്ളിക്കയറ്റത്തില്‍ കൂടുതല്‍ ബജറ്റ് ഫോണുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് റിയല്‍മീ. അവരുടെ ഏറ്റവും പുതിയ ഫോണും 5ജി പിന്തുണയുള്ളതാണ്. റിയല്‍മീ വി11 5 ജി എന്ന പേരിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത്. റിയല്‍മീയുടെ വി സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണാണ് ഇത്. ലോഎന്‍ഡ് ഫോണുകള്‍ക്ക് 5 ജി പിന്തുണ നല്‍കുന്ന ജനപ്രിയ മീഡിയടെക് ഡൈമെന്‍സിറ്റി 700 ചിപ്‌സെറ്റ് പുതിയ ഫോണ്‍ നല്‍കുന്നു. ഇത് ഒരു ബജറ്റ് സ്മാര്‍ട്ട്‌ഫോണാണ്. ഈ വേരിയന്റിന് ഇന്ത്യയില്‍ ഏകദേശം 14,000 രൂപയാണ് വില. വൈബ്രന്റ് ബ്ലൂ, ക്വയറ്റ് ഗ്രേ കളര്‍ ഓപ്ഷനുകളില്‍ വരുന്നു.
?ജനുവരിയില്‍ ആഗോളതലത്തില്‍ ഏറ്റവും ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ആയി മാറി ടെലഗ്രാം. സെന്‍സര്‍ ടവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ലഭിച്ചത് ഇന്ത്യയില്‍ നിന്നാണ്. പട്ടികയില്‍ ടെലഗ്രാം വാട്‌സാപ്പിനെ പിന്നിലാക്കി. വാട്‌സാപ്പ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണുള്ളത്. 6.3 കോടിയാളുകളാണ് ജനുവരിയില്‍ ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തത്. ഇതില്‍ 24 ശതമാനം ഇന്ത്യയില്‍ നിന്നാണ്.
?മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ‘ഭീഷ്മ പര്‍വ്വം’ എന്നാണ് ചിത്രത്തിന്റെ പേര്. കറുപ്പ് ഫുള്‍ സ്ലീവ് ഷര്‍ട്ട് ധരിച്ച് മാസ് ലുക്കിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമല്‍ നീരദ് ചിത്രം എന്നല്ലാതെ പോസ്റ്ററില്‍ കൂടുതല്‍ വിവരങ്ങളൊന്നുമില്ല. ലോക്ഡൗണ്‍ കാലത്ത് താടിയും മുടിയും നീട്ടി വളര്‍ത്തിയ മമ്മൂട്ടിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
?നവീകരണത്തിനായി നാലുവര്‍ഷമായി അടച്ചിട്ടിരുന്ന ഷേണായീസ് തീയേറ്റര്‍, അഞ്ചു സ്‌ക്രീനുകള്‍ ആധുനിക ഡിജിറ്റല്‍ പ്രൊജക്ടറുകളോടെ മള്‍ട്ടിപ്ലക്‌സുകളായി തുറക്കുമ്പോള്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് ‘ഓപ്പറേഷന്‍ ജാവ ‘ എന്ന ചിത്രം. നവാഗതനായ തരുണ്‍ മൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷന്‍ ജാവ’ ഫെബ്രുവരി 12 നാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഒരു റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം.
?രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടിവിഎസിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഐക്യൂബ് ദില്ലി വിപണിയില്‍ അവതരിപ്പിച്ചു. 1.08 ലക്ഷം രൂപയാണ് ഇതിന്റെ ദില്ലി എക്‌സ്‌ഷോറും വില. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദില്ലി സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐക്യൂബിന്റെ വിപണിപ്രവേശനം. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ മാത്രമാണ് ഇത് വില്‍പ്പനയ്‌ക്കെത്തുക.
?ലളിതമായ വാക്കുകളിലൂടെയും സൂക്ഷ്മമായ പ്രപഞ്ച നിരീക്ഷണത്തിലൂടെയും ബാല്യത്തെ തന്നിലേക്ക് ആവാഹിച്ച കവിയാണ് മലയത്ത് അപ്പുണ്ണി. ശബ്ദതലത്തില്‍നിന്നുയര്‍ന്ന് ആശയതലത്തില്‍ ബാലമനസ്സുകളില്‍ ചാരുതകള്‍ സൃഷ്ടിക്കുന്നവയാണ് അദ്ദേഹത്തിന്റെ കുട്ടിക്കവിതകള്‍. ഉദാത്തമായ ഭാവനയും സുതാര്യമായ കവനവും നിറഞ്ഞുനില്ക്കുന്നു ഈ കൃതിയില്‍. കുട്ടികള്‍ക്ക് പ്രിയപ്പെട്ട 100 കവിതകളുടെ സമാഹാരം. മാതൃഭൂമി. വില 104 രൂപ.
?ലോകരാജ്യങ്ങളെ ഒട്ടാകെയും പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 എന്ന മഹാമാരി ഇപ്പോഴും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ജനിതകമാറ്റം വന്ന വൈറസുകള്‍ കൂടി വന്നതോടെ ആരോഗ്യമേഖല വീണ്ടും പുതിയ പ്രതിസന്ധികളെ തരണം ചെയ്യേണ്ടുന്ന സാഹചര്യത്തിലേക്കാണ് എത്തിയിരിക്കുന്നത്. എങ്ങനെയാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് കൊവിഡ് 19 രോഗം എത്തുന്നത് എന്ന് നമ്മളില്‍ മിക്കവര്‍ക്കും അറിയാം. എങ്ങനെയാണ് രോഗവ്യാപനം പ്രതിരോധിക്കേണ്ടത് എന്നതും നമുക്കറിയാം. എന്നാല്‍ ഈ വിഷയങ്ങള്‍ക്കകത്ത് അല്‍പം കൂടി സൂക്ഷ്മമായ ചില വിവരങ്ങള്‍ കൂടി മറഞ്ഞുകിടപ്പുണ്ടെന്നാണ് പുതിയ പല പഠനങ്ങളും സൂചിപ്പിക്കുന്നത്. സമാനമായൊരു പഠനറിപ്പോര്‍ട്ടാണ് ലണ്ടനിലെ ‘ഇംപീരിയല്‍ കോളേജി’ല്‍ നിന്നുള്ള ഗവേഷകരും പങ്കുവയ്ക്കുന്നത്. ഒരു പ്രത്യേക പ്രായപരിധിയിലുള്ളവരാണ് ഏറ്റവുമധികം കൊവിഡ് വ്യാപനം നടത്തുന്നത് എന്നാണ് ഈ പഠനത്തിന്റെ നിരീക്ഷണം. 20 മുതല്‍ 49 വയസ് വരെ പ്രായം വരുന്നവരെയാണ് പഠനം പട്ടികപ്പെടുത്തിയിരിക്കുന്നത്. യുഎസില്‍ നിന്നുള്ള ഒരു കോടി ആളുകളില്‍ നിന്നായി ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്രേത ഗവേഷകര്‍ ഈ നിരീക്ഷണത്തിലെത്തിയിരിക്കുന്നത്. നൂറില്‍ 65 കൊവിഡ് കേസുകളും ഈ പ്രായപരിധിയിലുള്‍പ്പെട്ടവരില്‍ നിന്ന് പകര്‍ന്നവരായിരിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അതേസമയം കുട്ടികള്‍ കൗമാരക്കാര്‍ എന്നിവരില്‍ നിന്ന് കാര്യമായ രോഗവ്യാപനം ഉണ്ടാകുന്നില്ലെന്നും പഠനം വ്യക്തമാക്കി. അതുപോലെ പ്രായമായവരിലേക്ക് കൊവിഡ് പെട്ടെന്ന് കടന്നുകൂടുമെങ്കിലും അവരില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാധ്യത നേരത്തേ സൂചിപ്പിച്ച പ്രായപരിധിയിലുള്ളവരെ അപേക്ഷിച്ച് കുറവായിരിക്കുമത്രേ. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പും, ലക്ഷണങ്ങളില്ലാത്തവരില്‍ നിന്നുമാണ് അധികവും വ്യാപനം ഉണ്ടാകുന്നതെന്നും പഠനം പറയുന്നു. മുമ്പ് യുഎസ്, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകസംഘവും സമാനമായ നിരീക്ഷണങ്ങള്‍ തന്നെ പഠനറിപ്പോര്‍ട്ടായി പുറത്തുവിട്ടിരുന്നു.
ശുഭദിനം
കവിത കണ്ണന്‍
ആരാധനായലയം പുതുക്കി പണിയാന്‍ ആ നാട്ടുകാര്‍ തീരുമാനിച്ചു. ആരാധനാലയത്തില്‍ മണ്ണ് കൊണ്ടു നിര്‍മ്മിച്ച ഒരു വലിയ ബുദ്ധപ്രതിമ ഉണ്ടായിരുന്നു. ആരാധനായലയം പുതുക്കിപണിയുന്നതുകൊണ്ട് ആ പ്രതിമ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു. പ്രതിമ മാറ്റുമ്പോള്‍ ശക്തമായ മഴ വന്നു. മഴ കൊണ്ട് ആ പ്രതിമയുടെ ഒരു ഭാഗത്തെ മണ്ണ് ഇളകിപ്പോയി. അവിടെയൊരു തിളക്കം ശ്രദ്ധിച്ച ഭക്തര്‍ പ്രതിമയിലെ മണ്ണ് മുഴുവന്‍ ഇളക്കിമാറ്റി. എല്ലാവരും അത്ഭുതപ്പെട്ടു.- അതൊരു സ്വര്‍ണ്ണപ്രതിമയായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശത്രുരാജ്യം ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിമസംരക്ഷിക്കാന്‍ വേണ്ടിയുള്ള അന്നത്തെ ഭരണാധികാരികളുടെ തന്ത്രമായിരുന്നു അത്. അന്ന് മുതല്‍ ആ പ്രതിമ സ്വര്‍ണ്ണപ്രതിമയായി. ലോകത്ത് പൊടിപടലം ഒഴിവാക്കാനാകില്ല. അതുപോലെ തന്നെ സ്നാനവും. എന്തിന് കുളിക്കണം എന്നതിനേക്കാള്‍ പ്രധാനപ്പെട്ട ചോദ്യമാണ് എന്തിന് എല്ലാ ദിവസവും കുളിക്കണം എന്നത്. ആയുസ്സില്‍ ഒരു തവണ കുളിച്ചതുകൊണ്ട് ആരും എല്ലാദിവസവും ഉന്മേഷവാനാകില്ല. അതിന് ദിവസവും കുളിക്കുക തന്നെ വേണം. ഓരോ ദിവസവും നമ്മില്‍ പതിയുന്ന അഴുക്കും പൊടിയുമെല്ലാം പല അളവിലും പല രൂപത്തിലുമായിരിക്കും. അതുകൊണ്ട് തന്നെ ശരീരത്തിലും മനസ്സിലും ചിന്തയിലും പ്രവൃത്തിയിലുമെല്ലാം ഈ വൃത്തിയാക്കല്‍ നടന്നേ മതിയാകൂ. വര്‍ഷങ്ങളായി കാണുന്നു എന്നതുകൊണ്ട് എല്ലാ കാഴ്ചകളും സത്യമാകണമെന്നില്ല. നാളുകളായി തുടരുന്നതുകൊണ്ട് അവതന്നെ തുടര്‍ന്നു കൊണ്ടുപോകണമെന്നുമില്ല. ഒഴിവാക്കേണ്ടതും പുനര്‍നിര്‍മ്മിക്കേണ്ടതും ഉണ്ടാകും. മൂല്യരഹിതമെന്നു കരുതുന്ന പലതിന്റേയും പുറന്തോടുമാത്രമേ നാം വര്‍ഷങ്ങളായി കണ്ടിട്ടുണ്ടാകൂ. വര്‍ഷങ്ങള്‍ കൂടെ സഹവസിച്ചിട്ടും ഉള്ളറിയാന്‍ കഴിയാതെ പോകുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പരാജയം. മൂല്യം മനസ്സിലാകാതെ ഉപേക്ഷിക്കുന്നതിനേക്കാള്‍ വലിയ തെറ്റാണ് മൂല്യമറിയാതെ ഉപയോഗിക്കുന്നത്. ഈ ജീവതത്തില്‍ അനുഭവഭേദ്യമായ എല്ലാത്തിനെയും മൂല്യമറിഞ്ഞ് സ്വീകരിക്കാന്‍ നമുക്കാകട്ടെ – ശുഭദിനം