ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠിൽ വൻമഞ്ഞുമല തകര്‍ന്നതിനെ തുടർന്നു അതിശക്തമായ വെള്ളപ്പൊക്കം. ധൗലിഗംഗ നദി കരകവിഞ്ഞ് ഒഴുകിയതിനു പിന്നാലെയാണു വെള്ളപ്പൊക്കമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. നിരവധി വീടുകൾ തകർന്നു. പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയാണ്. 100-150 പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. അളകനന്ദ നദിയുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഐടിബിപി ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. ഋഷിഗംഗ ജലവൈദ്യുത പദ്ധതി ഭാഗികമായി തകർന്നു. ഇവിടെ ജോലിയിൽ ഏർപ്പെട്ടിരുന്ന 150ഓളം തൊഴിലാളികളെ കാണാതായി. പഴയ വിഡിയോകൾ പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു. അളകനന്ദ നദിയിലെ ജലനിരപ്പ് സാധാരണയിൽ കഴിഞ്ഞ് ഒരു മീറ്റർ കൂടിയതായും അദ്ദേഹം പറഞ്ഞു.

സംഭവത്തെ തുടർന്നു ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലും മിർസപുരിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. കുടങ്ങിക്കിടക്കുന്നവർക്കു ബന്ധപ്പെടുവാനായി സർക്കാർ ഹെൽപ്‌ലൈൻ നമ്പർ തുറന്നു: 1070 or 9557444486

Leave a Reply

Your email address will not be published. Required fields are marked *