കോഴിക്കോട്: തമിഴ്നാട്ടിൽനിന്ന് റെയിൽപ്പാളത്തിലെ ഇരുമ്പ് മുറിച്ചുകടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി കോഴിക്കോട്ട് പിടിയിൽ. തമിഴ്നാട് നെയ്‌വേലി സേതുതാം കൊപ്പം സ്വദേശി രാമചന്ദ്രൻ (60) ആണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിന്റെ പിടിയിലായത്. 2004-ൽ തമിഴ്നാട്ടിലെ ട്രിച്ചി ഡിവിഷനിൽനിന്ന് റെയിൽപ്പാളത്തിലെ ഇരുമ്പുകൾ മുറിച്ച് മോഷണം നടത്തിയ 16 അംഗ സംഘത്തിലെ ഒരാളായിരുന്നു രാമചന്ദ്രൻ. കേസിന്റെ വിചാരണവേളയിൽ കോഴിക്കോട്ടേക്ക് മുങ്ങിയ രാമചന്ദ്രൻ ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാജ പേരിൽ താമസിച്ചുവരുകയായിരുന്നു.
കഴിഞ്ഞദിവസം തമിഴ്നാട്ടിലെ ആർ.പി.എഫ്. ഉദ്യോഗസ്ഥർ കോഴിക്കോട്ട് എത്തുകയും ക്രൈം സ്ക്വാഡ് അംഗങ്ങളെ ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് നോർത്ത് അസിസ്റ്റൻറ്് കമ്മിഷണർ കെ. അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വ്യാജ വിലാസത്തിലാണ് കോഴിക്കോട് കഴിയുന്നതെന്നും നഗരത്തിൽ ഷാദുലി എന്ന പേരിൽ വിവിധ ജോലികൾചെയ്ത് പള്ളികളിൽ താമസിച്ചുവരുകയാണെന്നും കണ്ടെത്തി. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, എം. ഷാലു, ഹാദിൽ, ഷാഫി പറമ്പത്ത്, എ. പ്രശാന്ത് കുമാർ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, എ.വി. സുമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്