കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തിൽ പുതുവത്സര ആഘോഷങ്ങൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന യോഗം തീരുമാനിച്ചു. പത്തുവയസ്സിന് താഴെയുള്ള കുട്ടികളും അറുപത് വയസ്സിന് മുകളിലുള്ളവരും പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ പാടില്ല. പുതുവത്സരം ആഘോഷിക്കുന്ന ബീച്ച്, ബാർ ഹോട്ടലുകൾ, ബിയർ പാർലറുകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ഫ്ലാറ്റുകൾ, അപ്പാർട്ട്മെൻറുകൾ എന്നിവിടങ്ങളിൽ പോലീസ് കർശനനിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തും. 31-ന് വൈകീട്ട് ആറുമണിയോടുകൂടി ബീച്ച്, മാനാഞ്ചിറ മൈതാനം എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കും.

ആഘോഷങ്ങളുടെ ഭാഗമായി ബൈക്ക്, കാർ റേസിങ്‌, പരസ്യമായ മദ്യപാനം എന്നിവ അനുവദിക്കില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വനിതാ പോലീസുദ്യോഗസ്ഥരെയും മഫ്ടി പോലീസിനെയും വിന്യസിപ്പിക്കും. നഗരത്തിലെ മുഴുവൻ സി.സി.ടി.വി. ക്യാമറകളും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.

ക്യാമറ സംവിധാനത്തോടുകൂടി പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ പട്രോളിങ്‌ നടത്തും. ഡ്രോൺ ക്യാമറ ഉപയോഗിച്ച് സിറ്റി മുഴുവൻ പോലീസ് നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചു. രാത്രി പത്തുമണിക്കുശേഷം ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. പുതുവത്സരാഘോഷം നടത്താൻ ഉദ്ദേശിക്കുന്ന സംഘടനകൾ/സ്ഥാപനങ്ങൾ അതത് പോലീസ് സ്റ്റേഷനിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം.

ആഘോഷങ്ങളുടെ ഭാഗമായി ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ സിറ്റി പോലീസ് കൺട്രോൾ റൂമിൽ 1090, 112 എന്നീ ഫോൺ നമ്പറുകളിൽ വിവരം അറിയിക്കാമെന്ന് ജില്ലാ പോലീസ് മേധാവി എ.വി. ജോർജ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *