ഇന്ന് ലോക എയ്ഡ്‌സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് നേടിയെടുത്ത പുരോഗതി നിലനിര്‍ത്താനുള്ള തീവ്ര യത്‌നത്തിലാണ് യുഎന്‍ അടക്കമുള്ള സംഘടനകള്‍. ‘എയ്ഡ്‌സ് ഇല്ലാതാക്കല്‍: പിന്‍വാങ്ങലും അനന്തരഫലവും’ എന്നതാണ് ഇത്തവണത്തെ എയ്ഡ്‌സ് ദിന പ്രമേയം.
കൊവിഡ് 19 മൂലം പ്രതിസന്ധി നേരിട്ട എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വീണ്ടും ശരിയായ പാതയില്‍ കൊണ്ടുവരിക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് യുഎന്‍ എയ്ഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബ്യാന്‍യിമ പറയുന്നു. ആഗോള പ്രതിസന്ധികള്‍ക്ക് ആഗോള ഒത്തൊരുമയാണ് ആവശ്യമെന്നും ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിനാചരണ സന്ദേശത്തില്‍ വിന്നി പറഞ്ഞു.
2019 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്താകമാനം 3,80,00000 പേര്‍ എച്ച് ഐ വി ബാധിതരാണ്. ഇതില്‍ 3,60,00000 പേര്‍ പ്രായപൂര്‍ത്തിയായവരാണ്. 18 ലക്ഷം പേര്‍ പതിനാല് വയസ് വരെയുള്ള കുട്ടികളാണ്.
2019ല്‍ മാത്രം 17 ലക്ഷം പേരാണ് രോഗബാധിതരായത്. 6,90,000 പേരാണ് 2019ല്‍ എച്ച്‌ഐവി ബാധിച്ച് മരിച്ചത്. 2010ന് ശേഷം ഓരോ വര്‍ഷവും പുതുതായി എച്ച്‌ഐവി ബാധിക്കുന്നവരില്‍ നിന്ന് 23 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്ന ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് ഏറെ ആശ്വാസം പകരുന്നതാണ്.
1981 മുതല്‍ 2017 വരെയുള്ള കണക്കെടുത്താല്‍ എച്ച്‌ഐവി അണുബാധയും എയ്ഡ്‌സ് മൂലമുള്ള മരണവും ഇന്ത്യയില്‍ കുറഞ്ഞു. 2017ല്‍ 87,590 പേര്‍ക്ക് പുതിയതായി എച്ച്‌ഐവി അണുബാധ ഉണ്ടായതായും 69,110 പേര്‍ എയ്ഡ്‌സുമായി ബന്ധപ്പെട്ട് മരണമടഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. കേരളത്തിലും പുതിയ എയ്ഡ്‌സ് ബാധിതരുടെ എണ്ണം കുറയുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.