?തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം. മുന്നറിയിപ്പില്‍ ഉത്കണ്ഠയുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നതായും അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേന, കോസ്റ്റല്‍ ഗാര്‍ഡ്, വ്യോമസേന എന്നിവരോട് കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി. കേന്ദ്ര ദുരന്ത പ്രതികരണസേനയുടെ ഏഴ് സംഘങ്ങളെക്കൂടി ആവശ്യപ്പെട്ടെന്നും മറ്റ് കേന്ദ്രസേനകളോടും സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി.

?കര്‍ഷകരുമായി ഉപാധികളില്ലാതെ ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സമരരംഗത്തുള്ള പഞ്ചാബിലെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജോഗീന്ദര്‍ സിങ് ഉള്‍പ്പെടെയുള്ള നേതാക്കളെ ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ച് ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് വ്യക്തമാക്കി. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കര്‍ഷകസംഘടനകള്‍ ഇന്ന് തീരുമാനമെടുത്തേക്കും.

?കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കടുത്ത നിലപാടുമായി കര്‍ഷകര്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമ്പോള്‍ കാര്‍ഷിക നിയമത്തെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ മൂലം വലിയ വിപണികളെന്ന തിരഞ്ഞെടുപ്പ് കര്‍ഷകര്‍ക്ക് സാധ്യമാക്കുമെന്നും മോദി.

?കൊവിഡിനേക്കാള്‍ ഭീഷണിയാണ് പുതിയ കാര്‍ഷിക നിയമമെന്ന് കര്‍ഷകര്‍. സാമൂഹിക അകലമില്ലാതെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത് വഴി കൊവിഡ് വ്യാപിച്ചേക്കുമെന്നുള്ള വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു കര്‍ഷകര്‍.

?കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയില്‍ അസ്വാഭാവികയില്ലെന്ന് മുഖ്യമന്ത്രി. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെയാണ് തിരഞ്ഞെടുത്ത 40 ശാഖകളില്‍ പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലന്‍സിന് അവരുടേതായ പരിശോധനാ രീതികള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ് പരിശോധനാ രീതികളെ കുറിച്ച് വിശദമായി പ്രതിപാദിച്ചുകൊണ്ടായിരുന്നു മിന്നല്‍ പരിശോധനയെ മുഖ്യമന്ത്രി ന്യായീകരിച്ചത്.

?വിജിലന്‍സിനെതിരേ കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ്. ചിട്ടിയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഉദ്യോഗസ്ഥരാണ് മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുമായി ബ്രാഞ്ചുകളില്‍ പരിശോധന നടത്താനെത്തിയതെന്ന് ഫിലിപ്പോസ് തോമസ് ആരോപിച്ചു.

?സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അവകാശലംഘന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക് നേരിട്ടെത്തി സ്പീക്കര്‍ക്ക് വിശദീകരണം നല്‍കി. എത്തിക്‌സ് ആന്‍ഡ് പ്രിവിലേജസ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് സ്പീക്കറോട് വ്യക്തമാക്കിയതായി ധനമന്ത്രി പറഞ്ഞു.

?കോടതിയോട് സ്വകാര്യമായി സംസാരിക്കാന്‍ ഉണ്ടെന്ന് അറിയിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിക്ക് മുന്നില്‍ ഹാജരാക്കുമ്പോള്‍ ചുറ്റും പൊലീസുകാരായതിനാല്‍ ഒന്നും സംസാരിക്കാനാകുന്നില്ല എന്നാണ് സ്വപ്നയും സരിത്തും പറഞ്ഞത്.

?വിദേശത്തേക്ക് നിയമവിരുദ്ധമായി ഡോളര്‍ കടത്തിയതില്‍ കൂടുതല്‍ ഉന്നത വ്യക്തികള്‍ക്ക് പങ്കുണ്ടന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കി. കസ്റ്റംസ് മുദ്രവെച്ച കവറില്‍ ഹാജരാക്കിയ പ്രതികളുടെ മൊഴി ആശങ്കയുളവാക്കുന്നതാണെന്ന് പ്രത്യേക കോടതിയും നിരീക്ഷിച്ചു.

?സംസ്ഥാന സര്‍ക്കാരിന്റെ ഐ.ടി. പദ്ധതികളില്‍നിന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കി. യോഗ്യതയില്ലാത്ത ആളെ നിയമിച്ചു, കരാര്‍ വ്യവസ്ഥയില്‍ ഗുരുതര വീഴ്ച വരുത്തി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

?സംസ്ഥാനത്ത് ഇന്നലെ 34,689 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3382 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 21 മരണങ്ങളാണ് ഇന്നലെ കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2244 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6055 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 61,894 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് : മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49.

?കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജഗദമ്മ (75), തമ്പാനൂര്‍ സ്വദേശി ജയരാജ് (52), വര്‍ക്കല സ്വദേശി അലി അക്ബര്‍ (86), കല്ലറ സ്വദേശി വിജയന്‍ (60), ആലപ്പുഴ എഴുപുന്ന സൗത്ത് സ്വദേശിനി ഏലിക്കുട്ടി ഫെലിക്‌സ് (74), ചേര്‍ത്തല സ്വദേശി മുകുന്ദന്‍ (83), കോട്ടയം ആയംകുടി സ്വദേശി എം.സി. ചാക്കോ (99), കോട്ടയം സ്വദേശിനി പി.എം. ആണ്ടമ്മ (76), മീനച്ചില്‍ സ്വദേശി തങ്കപ്പന്‍ നായര്‍ (75), എറണാകുളം ആലുവ സ്വദേശി ഗംഗാധരന്‍ (69), അങ്കമാലി സ്വദേശിനി തങ്കമ്മ ദേവസി (80), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പുഷ്പകരന്‍ (70), നെല്ലുവായി സ്വദേശി അനന്തരാമന്‍ (75), മണാര്‍കൊടി സ്വദേശിനി സരസ്വതി (62), വിയ്യൂര്‍ സ്വദേശി നാരായണന്‍ (71), മറത്തക്കര സ്വദേശി സുബ്രഹ്മണ്യന്‍ (65), നടത്തറ സ്വദേശി വിജയരാഘവന്‍ (91), മലപ്പുറം അതിയൂര്‍കുന്ന് സ്വദേശിനി മറിയുമ്മ (59), വടപുരം സ്വദേശി മൊയ്ദീന്‍ ഹാജി (63), കോഴിക്കോട് നല്ലളം സ്വദേശിനി ബീപാത്തു (75), പനങ്ങാട് സ്വദേശി ഉണ്ണി നായര്‍ (87) .

?സംസ്ഥാനത്ത് ഇന്നലെ 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 26 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 504 ഹോട്ട് സ്‌പോട്ടുകള്‍.

?കേരളത്തില്‍ വൈറല്‍ രോഗങ്ങള്‍ക്കുള്ള വാക്സിന്‍ ഗവേഷണവും നിര്‍മ്മാണവും നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഈയിടെ ആരംഭിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉപയോഗപ്പെടുത്തി വാക്സിന്‍ നിര്‍മ്മാണത്തിന്റെ സാധ്യകള്‍ പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചു.

?കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ട് ഉണ്ടായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍. തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് കോവിസ് രോഗികളുടെയും ക്വാറന്റിനീല്‍ ഉളളവരുടെയും പട്ടിക തയ്യാറാക്കും. പട്ടിക അനുസരിച്ചാണ് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.

?തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് ജനവിധി തേടുന്ന ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന ആരോപണം സ്ഥിരീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍ മൂന്ന് സ്ഥലത്ത് വോട്ടുണ്ടെങ്കിലും അത് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കാന്‍ കാരണമല്ലെന്നും മൂന്ന് സ്ഥലങ്ങളില്‍ വോട്ടു ചെയ്താല്‍ മാത്രമെ നിയമ ലംഘനമാകൂവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍.

?മലയാളത്തില്‍ വീണ്ടും കവിതാ മോഷണ ആരോപണം. കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രന്റെ കവിത, പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്രി ബാബുവിന്റെ പേരില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ വിദ്യാരംഗത്തില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് പരാതി. എന്നാല്‍ ആരോപണം അജിത്രി ബാബു നിഷേധിച്ചു. താന്‍ സംഗീത് രവീന്ദ്രന് നേരത്തെ കുറിച്ച് കൊടുത്ത കവിതകളിലെ വരികളാണിതെന്നാണ് അജിത്രി ബാബുവിന്റെ പ്രതികരണം.

?മലബാര്‍, മാവേലി എക്സ്പ്രസുകളുള്‍പ്പെടെ 13 തീവണ്ടികളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് ഈ വെള്ളിയാഴ്ചയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും.

?ഇടുക്കി നെടുങ്കണ്ടം തൂവല്‍വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മുരിക്കാശ്ശേരി സ്വദേശികളായ സജോമോന്‍, സോണി എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം വെള്ളച്ചാട്ടം കാണാന്‍ എത്തിയ ഇവര്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

?ഡിസംബര്‍ 11 വെള്ളിയാഴ്ച മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെ രാജ്യ വ്യാപക പണിമുടക്ക്. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ ആണ് പ്രതിഷേധം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. കൊവിഡ്, അത്യാഹിത ചികിത്സാ വിഭാഗങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

?രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക് അടുത്ത വര്‍ഷം ഓഗസ്റ്റോടെ കോവിഡ് വാക്സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. അടുത്ത വര്‍ഷം ആദ്യ മൂന്ന്-നാല് മാസത്തിനുള്ളില്‍ വാക്സിന്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ നമുക്ക് കഴിഞ്ഞേക്കുമെന്നും ഇതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നും ഹര്‍ഷ വര്‍ധന്‍

?കോവിഡ് ബാധ സ്ഥിരീകരിക്കുന്നതിനുള്ള ആര്‍.ടി – പി.സി.ആര്‍ പരിശോധനയുടെ നിരക്ക് മൂന്നിലൊന്നായി വെട്ടിക്കുറച്ച് ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍. ഡല്‍ഹിയിലെ സ്വകാര്യ ലാബുകളില്‍ ആര്‍.ടി – പി.സി.ആര്‍ പരിശോധന നടത്തുന്നതിന് ഇനി 800 രൂപമാത്രം നല്‍കിയാല്‍ മതി. 2,400 രൂപയാണ് രൂപയാണ് നിലവില്‍ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്.

?അകാലിദളിന് പിന്നാലെ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ എന്‍ഡിഎ മുന്നണി വിടുമെന്ന ഭീഷണിയുമായി രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയും രംഗത്ത്. പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്ന് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി അധ്യക്ഷനും രാജസ്ഥാനില്‍നിന്നുള്ള എം.പിയുമായ ഹനുമാന്‍ ബനിവാള്‍ ട്വിറ്ററിലൂടെ അമിത് ഷായോട് ആവശ്യപ്പെട്ടു.

?യോഗി ആദിത്യ നാഥിന്റെ ഭരണത്തിന്‍ കീഴില്‍ ഉത്തര്‍പ്രദേശ് ‘എക്‌സ്പ്രസ് പ്രദേശ്’ ആയി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരാണസി- പ്രയാഗ് രാജ് ആറുവരി ദേശീയപാത ജനങ്ങള്‍ക്ക് തുറന്നുകൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

?സാമൂഹികപ്രവര്‍ത്തകന്‍ ബാബാ ആംതേയുടെ കൊച്ചുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ ഡോ.ശീതള്‍ ആംതെ കരജ്ഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചന്ദ്രപുര്‍ ജില്ലയിലെ സ്വവസതിയിലാണ് അവരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ബാബാ ആംതേയുടെ മകന്‍ വികാസ് ആംതെയുടെ മകളാണ് ഡോ. ശീതള്‍.

?കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബിജെപി എംഎല്‍എ അന്തരിച്ചു. രാജസ്ഥാനിലെ രാജ്മണ്ഡ് എംഎല്‍എയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായ കിരണ്‍ മഹേശ്വരി ആണ് മരിച്ചത്. 59 വയസായിരുന്നു.

?ഇന്ത്യയില്‍ ഇന്നലെ 31,179 കോവിഡ് രോഗികള്‍. മരണം 482. ഇതോടെ ആകെ മരണം 1,37,659 ആയി, ഇതുവരെ 94.63 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 4.34 ലക്ഷം രോഗികള്‍. 88.88 ലക്ഷം പേര്‍ രോഗമുക്തി നേടി.

?മഹാരാഷ്ട്രയില്‍ ഇന്നലെ 3,837 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 3,726 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,671 പേര്‍ക്കും കര്‍ണാടകയില്‍ 998 പേര്‍ക്കും ആന്ധ്രയില്‍ 381 പേര്‍ക്കും തമിഴ്നാട്ടില്‍ 1,410 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

?ആഗോളതലത്തില്‍ 4,60,238 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,41,734 പേര്‍ക്കും ബ്രസീലില്‍ 21,138 പേര്‍ക്കും തുര്‍ക്കിയില്‍ 31,219 പേര്‍ക്കും റഷ്യയില്‍ 26,338 പേര്‍ക്കും രോഗം ബാധിച്ചു. 7,677 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1049 പേരും ഇറ്റലിയില്‍ 672 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 6.35 കോടി കോവിഡ് രോഗികളും 14.72 ലക്ഷം മരണവും സ്ഥിരീകരിച്ചു.

?ശ്രീലങ്കയില്‍ ജയിലിലുണ്ടായ കലാപത്തില്‍ എട്ട് തടവുകാര്‍ കൊല്ലപ്പെട്ടു. 37 പേര്‍ക്ക് പരിക്കേറ്റു. കൊളംബോയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള മഹാര ജയിലില്‍ ഞായറാഴ്ചയാണ് സംഭവം. തടവുകാരില്‍ ചിലര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചതാണ് കലാപത്തിലേക്ക് വഴിവെച്ചത്.

?ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ പുതിയ സെക്രട്ടറി ജനറലായി ഛാഡ് പൗരനായ ഹുസൈന്‍ ഇബ്രാഹീം ത്വാഹയെ തിരഞ്ഞെടുത്തു. നൈജീരിയന്‍ തലസ്ഥാനമായ നിയാമില്‍ നടന്ന ഒ.ഐ.സി അംഗരാജ്യ വിദേശകാര്യ മന്ത്രിമാരുടെ 47ാമത് സെഷന്‍ യോഗത്തിലാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതിയ സെക്രട്ടറി ജനറലിനെ തിരഞ്ഞെടുത്തത്.

?ഐഎസ്എല്ലില്‍ എഫ്‌സി ഗോവ-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. നോര്‍ത്ത് ഈസ്റ്റിനായി ഇദ്രിസ്സാ സില്ലയും ഗോവയ്ക്കായി ഇഗോര്‍ അന്‍ഗ്യൂലോയുമാണ് ഗോള്‍ നേടിയത്.

?ലോകത്തൊട്ടാകെയുള്ള ഓഹരി വിപണികളില്‍ മികച്ച മുന്നേറ്റം നടത്തി രാജ്യത്തെ സൂചികകള്‍. മാര്‍ച്ചിലെ കനത്ത തകര്‍ച്ചയില്‍ നിന്ന് 76 ശതമാനമാണ് ഓഹരി സൂചികകള്‍ ഉയര്‍ന്നത്. ലോകത്തെ 10 പ്രമുഖ ഓഹരി സൂചികകളുമായി താരതമ്യം ചെയ്താല്‍ നേട്ടത്തിന്റെ കാര്യത്തില്‍ രാജ്യത്തെ വിപണി രണ്ടാം സ്ഥാനത്താണ്. കനേഡിയന്‍ ഓഹരി സൂചികകളാണ് 79 ശതമാനം നേട്ടത്തോടെ മുന്നില്‍. യുഎസ് വിപണി 73ശതമാനത്തോടെ മൂന്നാമതുമെത്തി. വിദേശ നിക്ഷേപം ഒഴുകിയെത്തിയതോടെ ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോള്‍ റെക്കോഡ് വിപണിമൂല്യത്തിലാണ്. 2.31 ലക്ഷംകോടി രൂപയാണ് മൊത്തം മൂല്യം.

?ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി, ഡിസംബര്‍ 1 മുതല്‍ വര്‍ഷത്തില്‍ 365 ദിവസവും റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) വഴി പണം കൈമാറാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. നിലവിലെ നിയമപ്രകാരം, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഞായറാഴ്ചയും ഒഴികെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് പണമിടപാട് നടത്താന്‍ കഴിഞ്ഞിരുന്നത്. നാളെ മുതല്‍ ആര്‍ടിജിഎസ് സേവനം 24 മണിക്കൂറും ലഭ്യമാക്കുന്നതോടെ ആഗോളതലത്തില്‍ വലിയ മൂല്യമുള്ള തത്സമയ പേയ്മെന്റ് സംവിധാനം 24 മണിക്കൂറും ലഭ്യമാകുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറും.

?ദുബായില്‍ ചിത്രീകരണം ആരംഭിക്കുന്ന ലാല്‍ ജോസ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി സൗബിന്‍ ഷാഹിറും മംമ്ത മോഹന്‍ദാസും. ആലുവക്കാരനായ ദസ്തഗീറിന്റെയും ഭാര്യ സുലേഖയുടെയും കഥയാണ് ചിത്രം പറയുക. ദസ്തഗീറായി സൗബിനും സുലേഖയായി മംമ്തയും വേഷമിടും. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തും. മൂന്നു കുട്ടികളും പൂച്ചയും ഇവര്‍ക്കൊപ്പം കഥാപാത്രങ്ങളാകുന്നു. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം. സുഹൈല്‍ കോയ ഈ സിനിമയ്ക്കും പാട്ടുകളെഴുതുന്നു.

?സുരേഷ് ഗോപി ചിത്രം ‘കാവല്‍’ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും. സുരേഷ് ഗോപിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാംപേജില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജനം എന്ന് തിയേറ്ററില്‍ എത്തുമോ അന്നാണ് സിനിമ റിലീസ് ചെയ്യുക എന്ന് സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ സ്ഥിരീകരിച്ചതായാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവത്കരിക്കുന്ന കാവല്‍ ആക്ഷന്‍ ഫാമിലി ഡ്രാമ ആയാണ് ഒരുങ്ങുന്നത്. ലാലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. നവംബര്‍ ആദ്യമാണ് കാവല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.

?ഡെസ്റ്റിനി 125, പ്ലെഷര്‍ പ്ലസ് എന്നീ സ്‌കൂട്ടറുകളിലും സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി ഉള്‍പ്പെടുത്തി ഹീറോ മോട്ടോര്‍ കോര്‍പ്. ഹീറോ കണക്റ്റ് എന്നറിയപ്പെടുന്ന ഈ സവിശേഷത കമ്പനി 4,999 രൂപയുടെ ആമുഖ വിലയ്ക്ക് പുറത്തിറക്കി. പരിമിതമായ കാലയളവ് അവസാനിച്ചുകഴിഞ്ഞാല്‍, വില 6,499 രൂപയായി ഉയരും. നിലവിലുള്ള വാഹനങ്ങളിലും ഈ സവിശേഷത ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. നിലവില്‍ കമ്പനിയുടെ എക്സ്പള്‍സ് 200 ന് ഈ സംവിധാനം ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *