സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് ഡിസംബർ 8, 10, 14 തീയതികളിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനായി പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കുമ്പോൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.
ഇതു സംബന്ധിച്ച് കമ്മീഷൻ പുറപ്പെടുവിച്ച സർക്കുലറിൽ പോളിംഗ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തേണ്ട സജ്ജീകരണങ്ങളെക്കുറിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.
വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷന് പുറത്ത് ബ്രേക്ക് ദി ചെയിന്റെ ഭാഗമായി ബക്കറ്റ്, മഗ്, സോപ്പ്, വെള്ളം എന്നിവ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം. സാമൂഹ്യ അകലം പാലിച്ച് ക്യൂ നിൽക്കുന്നതിന് പ്രത്യേകം അടയാളം മാർക്ക് ചെയ്യണം. അത്തരത്തിൽ വോട്ടർമാർ ക്യൂ നിൽക്കുന്ന സ്ഥലത്ത് ആവശ്യമെങ്കിൽ തണൽ ലഭ്യമാക്കുന്നതിന് ടാർപാളിൻ കെട്ടുന്നതിനുള്ള നടപടിയും സ്വീകരിക്കേണ്ടതാണ്.
വോട്ടെടുപ്പിന് ശേഷം പോളിംഗ് സ്റ്റേഷനുകളിൽ അവശേഷിക്കുന്ന പേപ്പറുകളും മറ്റ് വസ്തുക്കളും നീക്കം ചെയ്യുന്നതിനും അവ നശിപ്പിക്കുന്നതിനുമുള്ള നടപടി അതാത് തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിമാർ സ്വീകരിക്കണം.
പോളിംഗ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് ദിവസം പഴയതും ഉപയോഗശൂന്യമായതുമായ ജൈവ അജൈവ വസ്തുക്കൾ വെവ്വേറെ നിക്ഷേപിക്കുന്നതിന് ഓരോ ക്യാരി ബാഗുകൾ വീതം ലഭ്യമാക്കുന്നതിന് സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് റാമ്പ് സൗകര്യം ലഭ്യമല്ലായെങ്കിൽ അവ താല്കാലികമായി സജ്ജമാക്കണം.
കൂടാതെ പോളിംഗ് സ്റ്റേഷനുകളിൽ ഉപയോഗിച്ച ബയോ മെഡിക്കൽ വേസ്റ്റുകളിൽ മാസ്‌ക്ക്, ഗ്ലൗസ്, എന്നിവ പ്രത്യേകം പ്രത്യേകം ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനായി യഥാക്രമം മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലെ 2 ക്യാരി ബാഗുകൾ കൂടി സെക്രട്ടറിമാർ ലഭ്യമാക്കേണ്ടതും ശാസ്ത്രീയ രീതിയിൽ സംസ്‌ക്കരിക്കുന്നതിന് പി.എച്ച്.സി, സി.എച്ച്.സി, സി.എഫ്.എൽ.റ്റി.സി. കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് തുടർ നടപടി സ്വീകരിക്കണം.
ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നേരിട്ട് പരിശോധിച്ച് വൈദ്യുതി, കുടിവെള്ളം, ഫർണിച്ചർ, ടോയ് ലെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കണം. പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങളും അവയുടെ പരിസരവും വൃത്തിയാക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണം.
വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമല്ലായെങ്കിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, കേരള വാട്ടർ അതോറിറ്റി എന്നിവയുടെ പ്രാദേശിക ഓഫീസുകളുമായി ബന്ധപ്പെട്ട് അവ ലഭ്യമാക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കണം. അത്തരത്തിൽ വൈദ്യുതി ലഭ്യമാക്കുന്നതിന് കഴിയാത്ത സാഹചര്യത്തിൽ പോർട്ടബിൾ ടൈപ്പ് ജനറേറ്റർ സംവിധാനം ഏർപ്പെടുത്തണം.
പോളിംഗ് സ്റ്റേഷനിൽ തലേദിവസവും പോളിംഗ് ദിവസവും ആവശ്യത്തിനുള്ള വെളിച്ചം ലഭ്യമാണെന്ന് ഉറപ്പാക്കണം. കുടിവെള്ളം ലഭ്യമല്ലായെങ്കിൽ അവ ലഭ്യമാക്കുന്നതിന് സൗകര്യം ഏർപ്പെടുത്തണം.
ഏതെങ്കിലും സ്റ്റേഷനിൽ ടോയ് ലെറ്റ് സൗകര്യം ലഭ്യമല്ലായെങ്കിൽ അവ ലഭ്യമാക്കുന്നതിന് ഉചിത നടപടി സ്വീകരിക്കണം. അവ ലഭ്യമാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടങ്കിൽ അവ പരിസരത്തെ സ്ഥാപനങ്ങളിലോ വീടുകളിലോ ലഭ്യമാക്കാൻ കഴിയുമോയെന്നും പരിശോധിക്കണം. കൂടാതെ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം കുടുംബശ്രീയുമായി ചേന്ന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം.
പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പൊതു സ്വകാര്യ കെട്ടിടങ്ങളിലെ ചുമരുകളിലും പരിസരത്തും ബോധവൽക്കരണത്തിനായി കമ്മീഷന്റെ നിർദ്ദേശാനുസരണം പതിക്കുന്ന പോസ്റ്ററുകളും ബോർഡുകളും മറ്റും വോട്ടെടുപ്പിന് ശേഷം നീക്കം ചെയ്ത് വൃത്തിയാക്കുന്നതിന് ബന്ധപ്പെട്ട സെക്രട്ടറിമാർ ആവശ്യമായ നടപടി സ്വീകരിക്കണം.