കുന്നമംഗലം: തന്റെ ഏഴാം ജന്മദിന ആഘോഷത്തിന് കേക്ക് വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അഷ്‌ലിൻ. വീട്ടൂകാരില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന ചെറിയ സംഖ്യകള്‍ ഒരു വര്‍ഷമായി കാശ് കുടുക്കയില്‍ സംഭരിച്ചുവരികയായിരുന്നു ചേളന്നൂര്‍ കോരായി ഗവ. എ.എല്‍.പി സ്‌കൂളിലെ ഈ ഒന്നാം ക്ലാസുകാരന്‍. നാട് പ്രതിസന്ധിയിലായ അവസ്ഥയില്‍ തന്റെ ജന്മദിനാഘോഷം വേണ്ടെന്നുവെക്കാന്‍ ഈ മിടുക്കന് മടിയൊന്നുമുണ്ടായില്ല.കേക്കിനേക്കാള്‍ മധുരമുള്ള മനസുമായി ജന്മദിനത്തില്‍ തന്റെ കൈവശമുള്ള 1895 രൂപ പി.ടി.എ റഹീം എം.എല്‍.എയെ ഏല്‍പ്പിക്കാന്‍ അഷ്‌ലിന്‍ രക്ഷിതാക്കളോടൊപ്പമാണ് എം.എല്‍.എയുടെ വീട്ടിലെത്തിയത്. പടനിലം പുതിയേടത്ത് വിജേഷിന്റെയും ദില്‍നയുടേയും മകനാണ് അഷ്‌ലിന്‍.മാവൂര്‍ ജി.എം.യു.പി സ്‌കൂളിലെ റിട്ട. അധ്യാപിക താത്തുര്‍പൊയില്‍ യശോദ ടീച്ചര്‍ തന്റെ ഒരു മാസത്തെ പെന്‍ഷന്‍ തുകയായ 22,000 രൂപയും കുന്ദമംഗലം പഞ്ചായത്ത് ആറാം വാര്‍ഡ് ജനകീയ വികസന കമ്മറ്റി 15,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന് പി.ടി.എ റഹീം എം.എല്‍.എയെ ഏല്‍പ്പിച്ചു.കൊച്ചുകുട്ടികള്‍ മുതല്‍ വിവിധ മേഖലകളിലുള്ളവര്‍ വരെ കൈ മെയ് മറന്ന് നല്‍കുന്ന സഹായം ഈ ദുരന്തത്തെ അതിജീവിക്കുന്നതിന് ഏവര്‍ക്കും പ്രചോദനമേകുമെന്ന് എം.എല്‍.എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *