കാസര്‍ഗോഡ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അതിക്രമിച്ച് കയറി കാര്‍ റൈസിങ് നടത്തിയ കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസ്.വിദേശനിര്‍മിത ആഡംബര സ്‌പോര്‍ട്‌സ് കാര്‍ ഉപയോഗിച്ചാണ് ഇവര്‍ മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂള്‍ ഗ്രൗണ്ടില്‍ കാര്‍ റെയിസിങ് നടത്തിയത്. ഒരുകോടിയിലേറെ വിലയുള്ള ഷാര്‍ജ രജിസ്‌ട്രേഷന്‍ നമ്ബറിലുള്ള കാര്‍ മേല്‍പ്പറമ്ബ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ജെ.ടോമിയുടെ പരാതിയിലാണ് നടപടി.
ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്.ഐ. ശശിധരന്‍ പിള്ള, സിവില്‍ പോലീസുദ്യോഗസ്ഥരായ കെ.വി.ശ്രീജിത്ത്, പി.എം.പ്രദീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. ശബ്ദമലിനീകരണം ഉണ്ടാക്കുംവിധം ഹോണടിച്ച് പഠനാന്തരീക്ഷം തകര്‍ത്തതിനും സ്‌കൂള്‍വളപ്പില്‍ അനധികൃതമായി വാഹനമോടിച്ച് കയറ്റിയതിനും അപകടകരമായി വാഹനമോടിച്ചതിനുമാണ് കേസ്.
വിദേശവാഹനം ഇന്ത്യയില്‍ ഓടിക്കാന്‍ ആവശ്യമായ പെര്‍മിറ്റ്, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ തുടങ്ങിയവ പരിശോധിക്കുന്നതിന് കാസര്‍ഗോഡ് മോട്ടോര്‍ വാഹനവകുപ്പിന് പൊലീസ് അപേക്ഷ നല്‍കിയിരിക്കുകയാണ്. ഇതിന് ശേഷമായിരിക്കും നിയമ നടപടികള്‍ സ്വീകരിക്കുക.