കോള്‍സെന്ററുകള്‍ സാധാരണമാണ്. എന്നാല്‍, സെക്‌സ് വീഡിയോ കോളുകള്‍ക്ക് മാത്രമായുള്ള കോള്‍ സെന്ററുകള്‍ അത്ര സാധാരണമല്ല. സ്ത്രീകളെ ഉപയോഗിച്ച് െസക്‌സ് വീഡിയോകള്‍ നടത്തുകയും ഇടപാടുകാരുടെ വീഡിയോ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഈ സെന്ററുകളുടെ പ്രധാന പരിപാടി. ഡേറ്റിംഗ് ആപ്പുകള്‍ വഴി ഇടപാടുകാരെ കണ്ടെത്തി അവര്‍ക്കു മുന്നില്‍ സ്ത്രീകളെ നഗ്‌നരായി നിര്‍ത്തി പണം വാങ്ങുന്നതും ഇവിടെ പതിവാണ്.
മുംബൈയില്‍ ഇന്നലെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത് അത്തരത്തിലുള്ള രണ്ട് കോള്‍ സെന്ററുകളാണ്. ഇവിടെ നടത്തിയ െറയ്ഡില്‍ 17 സ്ത്രീകളെയും സ്ഥാപന നടത്തിപ്പുകാരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സ്ത്രീകളില്‍ കോളജ് വിദ്യാര്‍ത്ഥിനികള്‍ അടക്കം ഉള്‍പ്പെടുന്നതായാണ് മുംബൈ പൊലീസ് മാധ്യമങ്ങളെ അറിയിച്ചത്. ഇവരില്‍ ചില സ്ത്രീകള്‍ സെക്‌സ് റാക്കറ്റുകളുടെ ഇരകളാണോ കോള്‍ സെന്റര്‍ നടത്തിപ്പില്‍ പങ്കാളികളാണോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറയുന്നു.
പടിഞ്ഞാറന്‍ മുംബൈയിലാണ് ഈ രണ്ട് കോള്‍ സെന്ററുകളും പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ കുറേ നാളുകളായി ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഈ കേന്ദ്രങ്ങള്‍. തുടര്‍ന്നാണ്, ഇന്ന് അപ്രതീക്ഷിതമായി ഇവിടങ്ങളില്‍ ഒരേ സമയം റെയ്ഡ് നടത്തിയത്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഈ സെന്ററുകളുമായി ബന്ധപ്പെട്ട് നടക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്.
ഡേറ്റിംഗ് ആപ്പുകള്‍ വഴിയാണ് ഇവിടേക്കുള്ള ഇടപാടുകാരെ കണ്ടെത്തുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഈ കോള്‍ സെന്ററുകള്‍ക്ക് അവരുടേതായ പ്രത്യേക മൊബൈല്‍ ആപ്പുകളുമുണ്ട്. ഈ ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത ഇടപാടുകാര്‍ക്കാണ് ഇവിടേക്ക് വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുന്നത്.
അനേകം ചെറിയ മുറികളിലായാണ് സ്ത്രീകളെ ഇരുത്തുന്നത്. ഇവിടെ വിളിക്കുന്നവര്‍ക്ക് നല്‍കുന്ന സേവനം അനുസരിച്ചാണ് റേറ്റ് ഈടാക്കുന്നത്. 270 രൂപ മുതല്‍ പതിനായിരം രൂപ വരെ ഇടപാടുകാരില്‍നിന്നും ഈടാക്കുന്നുണ്ട്.
ചെറു മുറികളില്‍ ഇരിക്കുന്ന സ്ത്രീകളുമായി സംസാരിക്കാനുള്ള അവസരമാണ് ഇവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. വിളിക്കുന്ന ഇടപാടുകാരുമായി ഈ സ്ത്രീകള്‍ ലൈംഗിക കാര്യങ്ങള്‍ സംസാരിക്കും. ടെലിഫോണ്‍ സെക്‌സാണ് ഇവര്‍ നടത്തുന്നത്. അതോടൊപ്പം, കാശു നല്‍കുന്നതിന് അനുസരിച്ച് ഈ സ്ത്രീകള്‍ വസ്ത്രങ്ങള്‍ അഴിച്ച് ഇടപാടുകാര്‍ക്കു മുന്നില്‍ നില്‍ക്കുകയും ലൈംഗിക വൃത്തികള്‍ ചെയ്യുകയും ചെയ്യുമെന്ന് പൊലീസ് പറയുന്നു.
ഇങ്ങനെ വീഡിയോ കോള്‍ ചെയ്യുന്നവരില്‍നിന്ന് മൊബൈല്‍ ആപ്പു വഴി കാശ് വാങ്ങാറാണ് പതിവെങ്കിലും ദുര്‍ബലരായ ചിലരില്‍നിന്നും കാശുപിടുങ്ങുന്നതായും വിവരമുണ്ട്. ഇത്തരക്കാരുടെ വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുകയാണ് പതിവ്. അതിനു ശേഷം ഈ വീഡിയോ പുറത്തുവിടാതിരിക്കണമെങ്കില്‍, വന്‍ തുക നല്‍കണമെന്ന് ആവശ്യപ്പെടും. ഇങ്ങനെ വലിയ തുകകള്‍ സംഘം കൈപ്പറ്റുന്നുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു.