NADAMMELPOYIL NEWS
SEPTEMBER 01/2022

കണ്ണൂർ: പോലീസുകാരനാകാനുള്ള ആഗ്രഹം സഫലീകരിക്കാൻ സിഐ വേഷത്തിൽ വാഹന പരിശോധനയ്ക്കിറങ്ങിയ യുവാവ് പിടിയിൽ. പരിയാരം ചന്തപ്പുരയിലെ കെ ജഗദീഷാണ് കുട്ടിക്കാലത്തെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനായി സി ഐ യുടെ വേഷത്തിൽ വാഹന പരിശോധനയ്ക്കിറങ്ങിയത്.
പഠനകാലം മുതൽ പോലീസുകാരനാകണമെന്ന ആഗ്രഹം ജഗദീഷിന് ഉണ്ടായിരുന്നു. ആറടി രണ്ട് ഇഞ്ച് പൊക്കമുള്ള ഇയാളെ കണ്ടാൽ പോലീസുകാരനെന്ന് തോന്നിപ്പിക്കുന്നതും തട്ടിപ്പിന് ഗുണമായി. ഏറെക്കാലം പ്രവാസ ജീവിതം നയിച്ചിരുന്ന 40കാരൻ പയ്യന്നുരിലെ ഒരു മോട്ടോർ ഡ്രൈവിങ് സ്കൂളിൽ ഇൻസ്ടക്റ്ററായി ജോലി ചെയ്യുകയാണ്.
ടിക് ടോക് വീഡിയോകളിൽ പോലീസ് വേഷമണിഞ്ഞു തിളങ്ങിയിരുന്ന ഇയാളോട് വേഷം നന്നായി ചേരുന്നുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞതോടെയാണ് പോലീസ് വേഷം ജീവിതത്തിലേക്ക് പകർത്തിയത്. പരിയാരത്ത് ഒഴിവുള്ള സിഐയുടെ തസ്തികയിൽ തന്നെ ഇയാൾ രംഗത്തിറങ്ങുകയായിരുന്നു. ചന്തപ്പുരയിലെ ഒരു ടെയ്‌ലറിങ് ഷോപ്പിൽ നിന്നാണ് യുട്യുബ് വീഡിയോ ഫിലിമിൽ അഭിനയിക്കാനെന്ന് പറഞ്ഞ് യൂണിഫോം തയ്പ്പിച്ചത്.
ഇതിനു ശേഷം എരമം-കുറ്റൂർ റോഡിൽ ഷൂസും സോക്സും സ്റ്റാറും നെയിംപ്ളേറ്റുമൊക്കെ അണിഞ്ഞു ഒറിജനൽ സിഐയെപ്പോലെ തന്നെയായിരുന്നു പരിശോധന. അധികം യാത്രക്കാരില്ലാത്ത മണിയറ – കാനായി കോറാം റോഡിലും എരമം-കുറ്റൂർ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലുമായിരുന്നു സിഐയുടെ വാഹന പരിശോധന.
സിഐയുടെ യുണിഫോം ധരിച്ച് അതിന് മുകളിൽ ഒരു ഓവർ കോട്ടും അണിഞ്ഞ് പോലീസ് എന്നെഴുതിയ ബുള്ളറ്റിൽ ഇരകളെ കാത്തു നിന്ന് പിടികൂടുമായിരുന്നു. ബൈക്ക് യാത്രക്കാരാണ് ഏറെയും പിടിയിലായത്. യാത്രയ്ക്കിടെയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ, മാസ്ക് ധരിക്കാത്തവർ എന്നിവരൊക്കെയായിരുന്നു ജഗദീഷിന്‍റെ ഇരകൾ. ഇവരെ ഉപദേശിക്കുകയും കർശനമായി താക്കീതു ചെയ്തു വിടുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് പോലിസ് പറഞ്ഞു.
കഴിഞ്ഞ ജൂലായ് 30 മുതലാണ് ജഗദീഷ് സിഐയുടെ വേഷം കെട്ടി തുടങ്ങിയത്. പരിയാരത്ത് നിലവിൽ സിഐയുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് അറിയാവുന്ന ഒരാളാണ് വ്യാജ സിഐ വേഷം കെട്ടുന്നതെന്ന് പോലീസിന് നേരത്തെ വിവരം കിട്ടിയിരുന്നു. ജഗദീഷിനെ പോലീസ് വേഷത്തിൽ കണ്ടു സംശയം തോന്നിയ നാട്ടുകാരായ ചിലരാണ് എസ്ഐ കെ ദിലീപിനെ വിവരമറിയിക്കുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സിഐ കൂടുങ്ങിയത്.
ജഗദീഷ് ആരൊടെങ്കിലും പണം വാങ്ങിയോയെന്ന വിവരം ഇതുവരെ പരാതിയായി ലഭിച്ചിട്ടില്ല. വ്യാജ സിഐയായി വേഷമണിഞ്ഞ് പിടിയിലായപ്പോഴും ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു ജഗദീഷിന്‍റെ പെരുമാറ്റമെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *