ശ്രീഹരിക്കോട്ട:ഐഎസ്‌ആര്‍ഒയുടെ രണ്ടാമത് സമ്ബൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്. വൈകീട്ട് ആറ് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്‍ററില്‍ നിന്ന് സിംഗപ്പൂരിന്‍റെ ഭൗമ നിരീക്ഷക ഉപഗ്രഹമടക്കം മൂന്ന് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.പിഎസ്‌എല്‍വി സി53 ആണ് വിക്ഷേപണ വാഹനം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28നാണ് എഎസ്‌ആര്‍ഒ ബ്രസീലിന്‍റെ ഒപ്റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ ആമസോണിയ വണ്ണിനെ ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ന് ഐഎസ്‌ആര്‍ഒ വാണിജ്യവിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ രണ്ടാമത്തെ സമ്ബൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം. സതീഷ് ധവാന്‍ സ്പെയ്സ് സെന്‍ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് സിങ്കപ്പൂരിന്‍റെ ഭൗമനിരീക്ഷക ഉപഗ്രഹമായ DSEO, അടക്കം മൂന്ന് ഉപഗ്രഹങ്ങളുമായി വൈകുന്നേരം കൃത്യം ആറ് മണിക്ക് ഇന്ത്യയുടെ എക്കാലത്തേയും വിശ്വസ്ത വിക്ഷേപണ വാഹനമായ PSLV കുതിച്ചുയരും. ഇതിനുള്ള കൗണ്ട് ഡൗണ്‍ ഇന്നലെ വൈകുന്നേരം തുടങ്ങി.

PSLVയുടെ അന്‍പത്തിയഞ്ചാമത്തേയും പിഎസ്‌എല്‍വി കോര്‍ എലോണ്‍ റോക്കറ്റിന്‍റെ പതിനഞ്ചാമത്തേയും വിക്ഷേപണമാണിത്. 365 കിലോഗ്രാം തൂക്കമുള്ള DSEO യെ ഭൂമധ്യരേഖയില്‍ നിന്ന് 570 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് മുഖ്യദൗത്യം. കൂടാതെ സിങ്കപ്പൂരിന്‍റെ തന്നെ NeuSAR ഉപഗ്രഹവും സിങ്കപ്പൂര്‍ നാന്‍യാങ് സാങ്കേതിക സര്‍വകലാശാല വികസിപ്പിച്ച SCOOB 1 എന്ന 2.8 കിലോഗ്രാം തൂക്കമുള്ള ചെറു പഠന ഉപഗ്രഹവും പിഎസ്‌എല്‍വി സി 53 ഭ്രമണപഥത്തില്‍ എത്തിക്കും.

വിക്ഷേപണത്തിന്‍റെ നാലാം ഘട്ടത്തില്‍ റോക്കറ്റിന്‍റെ ഭാഗമായ ഓര്‍ബിറ്റല്‍ എക്സ്പെരിമെന്‍റല്‍ മൊഡ്യൂള്‍ സ്ഥിരം ഭ്രമണപഥത്തില്‍ നിലനിര്‍ത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇന്ത്യന്‍ സ്പേസ് സ്റ്റാര്‍ട്ട് അപ്പുകളായ ദിഗന്തര, ധ്രുവ സ്‌പേസ് എന്നിവയുടേതടക്കം ആറ് പേലോഡുകള്‍ ഇതിലുണ്ട്. വിക്ഷേപിച്ച റോക്കറ്റിന്‍റെ അവശിഷ്ടഭാഗത്തില്‍ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിച്ച്‌ താല്‍ക്കാലിക ഉപഗ്രഹമെന്നോണം പരീക്ഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *