അബുദാബി: കൊവിഡും നിയന്ത്രണങ്ങളും കവര്‍ന്നെടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ആശ്വാസ തീരത്ത് പെരുന്നാളാഘോഷിച്ച്‌ ഗള്‍ഫ് രാജ്യങ്ങള്‍.രണ്ട് വര്‍ഷത്തിലേറെയായി നീണ്ട മഹാമാരിക്കാലം പെരുന്നാളാഘോഷങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അതില്‍ നിന്നും വ്യത്യസ്തമായി നേരിയ നിയന്ത്രണങ്ങളോടെയാണ് ഗള്‍ഫിലെ പെരുന്നാളാഘോഷം. യുഎഇയില്‍ വിവിധ പരിപാടികളിലും സ്ഥലങ്ങളിലും 100 ശതമാനം ശേഷിയില്‍ പ്രവേശനം അനുവദിച്ചു. തുറസ്സായ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ലാതാക്കി. ഇതിന് പുറമെ യുഎഇയില്‍ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒമ്ബത് ദിവസമാണ് പെരുന്നാളിന് അവധി ലഭിക്കുന്നത്.

പള്ളിയില്‍ മാസ്‌ക് ധരിക്കുക, ആലിംഗനം ചെയ്യുന്നത് ഒഴിവാക്കുക എന്നിങ്ങനെ നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും അടുത്ത ബന്ധുക്കള്‍ തമ്മില്‍ കൈ കൊടുക്കുന്നതിനും ആലിംഗനം ചെയ്യുന്നതിനും തടസ്സങ്ങളില്ല. രാവിലെ ആറു മണിയോടെ മിക്ക പള്ളികളിലെയും പെരുന്നാള്‍ പ്രാര്‍ത്ഥന ആരംഭിച്ചു. സുബ്ഹ് നമസ്‌കാരത്തിന് ശേഷം തക്ബീര്‍ ധ്വനികള്‍ മുഴങ്ങി.

യുഎഇയിലുടനീളമുള്ള റെസ്റ്റോറന്റുകളില്‍ ഈദ് സ്‌പെഷ്യല്‍ വിഭവങ്ങള്‍ തയ്യാറായിരുന്നു. പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേര്‍ന്നു. ഗതാഗതം സുഗമമാക്കുന്നതിന് ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.

ചെറിയ പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച്‌ സൗദിയുടെ വിവിധ മേഖലകളില്‍ കരിമരുന്ന് പ്രയോഗം സംഘടിപ്പിച്ചിട്ടുണ്ട്. ജിദ്ദ ഒഴികെയുള്ള സ്ഥലങ്ങളില്‍ രാത്രി ഒമ്ബത് മണിക്കാണ് കരിമരുന്ന് പ്രയോഗം. ജിദ്ദയില്‍ രാത്രി 9.30നാണ് കരിമരുന്ന് പ്രയോഗം ഉണ്ടാകുക. റിയാദില്‍ ബൊളിവാര്‍ഡ് സിറ്റി ഏരിയ, ബുറൈദയില്‍ കിങ് അബ്ദുല്ല ദേശീയ പാര്‍ക്ക്, അല്‍ഖോബാറില്‍ കടല്‍ തീരം, ജിദദയിലെ കോര്‍ണിഷ് റോഡിലെ ആര്‍ട്ട് പ്രൊമെനേഡ്, കിങ് അബ്ദുല്‍ അസീസ് റോഡ്, മദീനയില്‍ കിങ് ഫഹദ് സെന്‍ട്രല്‍ പാര്‍ക്ക്, അബഹയില്‍ അല്‍സദ്ദ് പാര്‍ക്ക്, അല്‍ബാഹയില്‍ അമീര്‍ ഹുസാം പാര്‍ക്ക്, ജിസാനില്‍ ബീച്ച്‌ നടപ്പാത, നജ്‌റാനില്‍ അമീര്‍ ഹദ്‌ലൂല്‍ ബിന്‍ അബ്ദുല്‍ അസീസ് സ്‌പോര്‍ട്‌സ് സിറ്റി, ഹാഇലില്‍ അല്‍മഗ്വാ നടപ്പാത, തബൂക്കില്‍ സെന്‍ട്രല്‍ പാര്‍ക്ക്, റോഡ് ഗാര്‍ഡന്‍, സകാകയില്‍ റബുഅ നടപ്പാത, അറാര്‍ മാളിന് മുന്‍ഭാഗത്തെ ഗാര്‍ഡന്‍ എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രയോഗം നടക്കുക.

കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായ പെരുന്നാളായിരുന്നു ഖത്തറിലും. പെരുന്നാള്‍ ദിനം രാവിലെ ദോഹയിലെ വിവിധ സ്ഥലങ്ങളില്‍ ഈദുല്‍ ഫിത്ര്‍ പ്രാര്‍ത്ഥനകള്‍ നടന്നു. രാജ്യത്തെ 520 പള്ളികളിലും പ്രാര്‍ത്ഥനാ മൈതാനങ്ങളിലും വിശ്വാസികള്‍ അണിനിരന്നു. കുവൈത്തിലും ബഹ്‌റൈനിലും മഹാമാരി ശക്തി പ്രാപിച്ച കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പെരുന്നാളായിരുന്നു ഇക്കുറി.ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്,മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ അല്‍ സുല്‍ഫി മസ്ജിദിലാണ് ഈദുല്‍ ഫിത്തര്‍ നമസ്കാരം നടത്തിയത്. രാജ്യത്തെ പൗരന്മാര്‍ക്കും ഒപ്പം സ്ഥിരതാമസക്കാരായ വിദേശികള്‍ക്കും മുഴുവന്‍ ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആശംസകള്‍ നേരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *