ഓട്ടോമൻ തുർക്കികളുടെ വിശേഷപ്പെട്ട ഭക്ഷ്യവിഭവമാണ് ഷവർമ. തുർക്കിയിലെ ബുർസയാണ് ഷവർമയുടെ ജന്മനാട്. ഡോണർ കബാബ് എന്നും ഇത് അറിയപ്പെടുന്നു. അറേബ്യൻ നാടുകളുമായുള്ള നമ്മുടെ അടുത്ത വിനിമയത്തെത്തുടർന്നാണ് അവിടങ്ങളിൽ പ്രചാരമുള്ള ഷവർമ നമ്മുടെ നാട്ടിൽ എത്തുന്നതും നമ്മുടെ പ്രിയ ഭക്ഷണങ്ങളിൽ ഒന്നായി മാറ്റുന്നതും. ഷവർമ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇറച്ചി ശരിയായ രീതിയിൽ സൂക്ഷിക്കാത്തത് മുതൽ റോഡരികിലെ പാകം ചെയ്യലും മയോണൈസിന് ഉപയോഗിക്കുന്ന കോഴിമുട്ടയുടെ തെരഞ്ഞെടുപ്പും വരെ ഷവർമ വഴി ഭക്ഷ്യവിഷബാധ ഉണ്ടാവാൻ കാരണമാവും.
കോഴി ഇറച്ചിയിൽ കൂടുതലായി കണ്ടുവരുന്ന ഒരു ബാക്ടീരിയയാണ് സാൽമൊണല്ല. 80 ഡ്രിഗ്രീ ചൂടിലെങ്കിലും കോഴിയിറച്ചി വേവിച്ചാലേ ഈ ബാക്ടീരിയ നശിക്കുകയുള്ളൂ. കുറഞ്ഞ താപനിലയിൽ വെന്ത ഇറച്ചി വഴി ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതാണ് ഭക്ഷ്യവിഷബാധയുടെ പ്രഥമ സാധ്യത. ഷവർമ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതിയും വിഷബാധയ്ക്ക് കാരണമാവും. ഇറച്ചിയിലെ ബാക്ടീരിയ മറ്റ് ഭക്ഷണപദാർഥങ്ങളിലേക്കും ഷവർമയ്‌ക്കൊപ്പം കഴിക്കുന്ന സാലഡിൽ ഉപയോഗിക്കുന്ന പച്ചക്കറികളിലേക്കും സാൽമൊണല്ല ബാക്ടീരിയ പടരാൻ ഇത് കാരണമാവുന്നു. റോഡരികിൽ ഷവർമ ഉണ്ടാക്കുന്നത് വഴി പൊടിപടലങ്ങളിൽ ഇറച്ചിയിൽ പറ്റിപ്പിടിക്കുന്നതും അണുബാധയക്ക് വഴിയൊരുക്കുന്നു.
ഷവർമയ്‌ക്കൊപ്പം കഴിക്കുന്ന മയോണൈസ് മുട്ടയുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. സാധാരണ നിലയിൽ പാതിവെന്ത മുട്ടയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ, നമ്മുടെ നാട്ടിൽ വ്യാപകമായി പച്ചക്കോഴിമുട്ടയാണ് ഉപയോഗിക്കാറ്. ഇത് ബാക്ടീരിയ കഴിക്കുന്ന ആളുടെ ശരീരത്തിൽ പ്രവേശിക്കാൻ കാരണമാവുന്നു. വൈകി കഴിക്കുന്നതും ബാക്ടീരിയ പടരാൻ കാരണമാവുന്നു.