തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. ഡീസലിന് ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 111കഴിഞ്ഞു.111 രൂപ 29 പൈസയാണ് തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കോഴിക്കോട് പെട്രോള്‍ വില 109 രൂപ 52 പൈസയായി.

കൊച്ചിയില്‍ 109 രൂപ 25 പൈസയാണ് പെട്രോള്‍ വില. ഡീസലിന് തിരുവനന്തപുരത്ത് 105 രൂപ 09 പൈസയും കൊച്ചിയില്‍ 103.14ഉം ആണ് വില. കോഴിക്കോട് ഡീസലിന് 103.44 രൂപയായി.

ഇന്ധനവില വര്‍ദ്ധന വലിയ സാമ്ബത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവമ്ബര്‍ 9 മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവക്കുമെന്ന് പ്രഖ്യാപിച്ച്‌ കഴിഞ്ഞു. മിനിമം ചാര്‍ജ് 12 രൂപയാക്കണം, കിലോ മീറ്റര്‍ നിരക്ക് ഒരു രൂപയായി വര്‍ദ്ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം. തുടര്‍ന്നുള്ള ചാര്‍ജ്, യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്.

എണ്ണക്കമ്ബനികള്‍ ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയര്‍ന്നതോടെ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാന്‍ കാരണം, സംസ്ഥാനങ്ങള്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്ന വാദമുയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വില വര്‍ധനവിനെ പ്രതിരോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *