NADAMMELPOYIL NEWS
OCTOBER 30/21 1030 AM
കോഴിക്കോട്;സ്കൂള്‍ വിദ്യാര്‍ഥിനി ബലാല്‍സംഗത്തിന് ഇരയായ കോഴിക്കോട് കുറ്റ്യാടിയിലെ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.എഫ്.ഒയോട് ആവശ്യപ്പെട്ടു. പ്രദേശത്തെ എം.എല്‍.എമാരുമായി ആലോചിച്ച് ടൂറിസം കേന്ദ്രം കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണമോ, അതിര്‍ത്തിയില്‍ സംരക്ഷിത വേലിയോ ഇല്ലാത്ത, അഞ്ഞൂറേക്കറോളം വരുന്ന ജാനകിക്കാട്ടില്‍ സഞ്ചാരികള്‍ പോലും സുരക്ഷിതരല്ലെന്ന്, മനോരമ ന്യൂസ്, പരമ്പരയിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനംമന്ത്രി ഡി.എഫ്.ഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ജാനകിക്കാട് ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ എം.എല്‍.എമാരുടെ യോഗം വിളിക്കും.
സ്ഥലത്ത് നിരീക്ഷണക്യാമറ സ്ഥാപിക്കുക, അതിര്‍ത്തികള്‍ മുള്ളിവേലി കെട്ടിതിരിക്കുക, കാടിനുള്ളില്‍ സഞ്ചാരികള്‍ക്ക് പോകാവുന്ന സ്ഥലം പരിമിതപ്പെടുത്തുക തുടങ്ങിയവയാണ് വനംവകുപ്പ് അടിയന്തരമായി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കാടിനോട് ചേര്‍ന്ന സ്ഥലത്ത് ആളുകള്‍ ഒഴിഞ്ഞ് പോയ വീടുകള്‍ പൊളിച്ചുമാറ്റും. സ്വകാര്യവ്യക്തിയുടെ കൈവശമുള്ള ഈ ഭൂമി വനംവകുപ്പ് ഏറ്റെടുക്കുന്നത് ആലോചിക്കും. നിയമസഭ സമ്മേളനം കഴിഞ്ഞാല്‍ നേരിട്ട് സന്ദര്‍ശിച്ച് ജാനകിക്കാട് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
______