പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് പോകുമ്പോള്‍ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്.

കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടാവുന്നതാണ്. അധ്യാപകര്‍ കോവിഡ് പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ വിദ്യാര്‍ത്ഥികളെ ഇടയ്ക്കിടയ്ക്ക് പറഞ്ഞ് ഓര്‍മ്മപ്പെടുത്തണം. വിദ്യാര്‍ത്ഥികളിലൂടെ അത്രയും കുടുംബത്തിലേക്ക് അവബോധം എത്തിക്കാനാകും. ഇടവേളയ്ക്ക് ശേഷം സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മന്ത്രി ആശംസ അറിയിച്ചു.

ഒന്നാം ക്ലാസിലെ ചെറിയ കുട്ടികള്‍ മുതല്‍ ഉള്ളതിനാല്‍ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും മറ്റ് പല വകുപ്പുകളുമായി നിരന്തരം ചര്‍ച്ച ചെയ്താണ് മാര്‍ഗരേഖ തയ്യാറാക്കിയത്. രക്ഷകര്‍ത്താക്കളുടേയും അധ്യാപകരുടേയും മികച്ച കൂട്ടായ്മയിലൂടെ സ്‌കൂളുകള്‍ നന്നായി കൊണ്ടുപോകാനാകും. മാര്‍ഗനിര്‍ദേശമനുസരിച്ച് ഓരോ സ്‌കൂളും പ്രവര്‍ത്തിച്ചാല്‍ കോവിഡിനെതിരെ ശക്തമായ പ്രതിരോധം ഒരുക്കാനാകും. മാത്രമല്ല മറ്റ് പല രോഗങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാനുമാകും.

Leave a Reply

Your email address will not be published. Required fields are marked *