ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
മേല്‍നോട്ട സിമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണം. പ്രശ്നങ്ങള്‍ കേരളവും തമിഴ്നാടും ചര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തെ കോടതി വിമര്‍ശിക്കുകയും ചെയ്തു. ചര്‍ച്ചകള്‍ക്കായി കേരളം തയ്യാറകണം എന്നാണ് കോടതി വിമര്‍ശിച്ചത്.
കേരളവുമായും മേല്‍നോട്ടസമിതിയുമായും ആലോചിക്കാമെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. കേസ് മറ്റന്നാളത്തേക്ക് മാറ്റി. മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 എന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു.
മുല്ലപ്പെരിയാര്‍ പരിസരത്ത് ആളുകള്‍ ഭീതിയോടെ കഴിയുകയാണെന്നും 139 അടിയാക്കി ജലനിരപ്പ് നിര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടില്‍ ജലനിരപ്പ് 139 അടിയാക്കി നിര്‍ത്തേണ്ട അടിയന്തിര സാഹചര്യമുണ്ടോ എന്ന് കോടതി ചോദിച്ചു. മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്നും കോടതി പറഞ്ഞു.