മുക്കം: മുത്തേരിയിൽ ഹോട്ടൽ ജോലിക്കാരിയായ വയോധിക ഓട്ടോറിക്ഷയിൽ വച്ച് ബലാത്സംഗത്തിനും കവർച്ചക്കുമിരയായ കേസിൽ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വയോധികയുടെ മൊബൈൽ ഫോൺ സംഭവം നടന്ന സ്ഥലത്തെ റോഡിന് മറുവശത്തുള്ള പറമ്പിൽ നിന്നും കൃത്യം നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ തൊണ്ടയാട് മേൽപ്പാലത്തിനടിയിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തി.
കോഴിക്കോട് ചേവരമ്പലത്തും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് തൊണ്ടയാട് നിന്ന് കെഎൽഡി 8185 നമ്പർ ഓട്ടോറിക്ഷ കണ്ടെത്തിയത്. എന്നാൽ ഈ നമ്പർ വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓട്ടോറിക്ഷ കഴിഞ്ഞമാസം 23ന് ചോമ്പാല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാഹി റെയിൽവേ സ്റ്റേഷന് സമീപത്തെ ഒരു വീട്ടിൽ നിന്നും മോഷണം പോയതാണെന്ന് കണ്ടെത്തി. രണ്ട് വർഷം മുൻപ് കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലെ ഒരു വീട്ടിൽ പുലർച്ചെ നാലുമണിക്ക് വാതിൽ കത്തിച്ച് അകത്തുകയറി കവർച്ച നടത്തുന്നതിനിടെ വീട്ടമ്മയെ കൊടുവാൾ കൊണ്ട് തലക്കടിച്ചും കത്തികൊണ്ട് കുത്തിയും പരുക്കേൽപ്പിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചു.
കൂടാതെ കഴിഞ്ഞ ഡിസംബർ മാസത്തിൽ തലശേരി എരഞ്ഞോളി പാലത്തിനടുത്തുള്ള ക്വാർട്ടേഴ്സിൽ നിർത്തിയിട്ടിരുന്ന കെഎൽ 58 എം 2884 നമ്പർ ഓട്ടോറിക്ഷ മോഷ്ടിക്കുകയും വ്യാജ നമ്പർ ഒട്ടിച്ച് ഫറോക്കിൽ വെച്ച് ഒരു സ്ത്രീയെ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കഴുത്തിൽ കയർമുറുക്കി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിക്കുകയും മൊബൈൽ ഫോണും 3,000 രൂപയും അടങ്ങിയ ബാഗ് കവർന്നതും താനാണെന്ന് പ്രതി സമ്മതിച്ചു. ഇതേ ഓട്ടോറിക്ഷ ഉപയോഗിച്ച് കഴിഞ്ഞ വർഷം മഞ്ചേരി കരുവമ്പ്രത്ത് വെച്ച് സഹോദരന്റെ വീട്ടിലേക്ക് പോകുന്നവഴി 68 വയസുകാരിയുടെ ഏഴ് പവൻ തൂക്കം വരുന്ന മാല പൊട്ടിച്ചതും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഈ കേസുകളിലെല്ലാം അതാത് പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല. പരപ്പനങ്ങാടിയിലുള്ള ജ്വല്ലറിക്കാരനെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയായിരുന്നു. ഇയാൾ താമസിച്ചിരുന്ന ചേവരമ്പലത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി വ്യാജ നമ്പർ പ്ലേറ്റുകളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്. താമരശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു