കോഴിക്കോട്: കേരളത്തെ കണ്ണീരിലാഴ്ത്തിയ കരിപ്പൂർ ആകാശദുരന്തത്തിന് ഒരാണ്ട്. 21 പേരുടെ ജീവനും അതിലേറെ പേരുടെ ജീവിതവും തകര്‍ത്ത കരിപ്പൂര്‍ അപകടത്തിന്‍റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല. ടേബിള്‍ ടോപ്പ് ഘടനയുളള കരിപ്പൂരിലെ റണ്‍വേ വികസനമടക്കമുളള കാര്യങ്ങളില്‍ പിന്നീട് കാര്യമായൊന്നും നടപ്പായതുമില്ല. എങ്കിലും ദുരന്തമുഖത്ത് മറ്റെല്ലാം മറന്നൊരുമിച്ച കരിപ്പൂര്‍ മാതൃക രക്ഷാപ്രവര്‍ത്തനം കേരളത്തിന് സമ്മാനിച്ച പ്രതീക്ഷയും ഊര്‍ജ്ജവും സമാനതകളില്ലാത്തതാണ്.
കേരളവും ലോകമെങ്ങുമുളള പ്രവാസി സമൂഹവും മറക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തം. കൊവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം മനുഷ്യരെയുമായെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ടെര്‍മിനലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി റണ്‍വേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്.
ലോകത്തെ ഒന്നാം നിര വിമാന കമ്പനികളിനൊന്നായ ബോയിംഗ് കമ്പനി നിര്‍മിച്ച 737 വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. വിമാനം പറത്തിയതാകട്ടെ എയര്‍ഫോഴ്സിലുള്‍പ്പെടെ മികവ് തെളിയിച്ച പരിചയ സമ്പന്നന്‍ ക്യാപ്റ്റന്‍ ദീപക് സാഥെയും. പക്ഷേ ഇടുക്കിയിലെ രാജമലയില്‍ 80 ലേറെ പേരുടെ ജീവന്‍ കവര്‍ന്നെടുത്ത ആ വെളളിയാഴ്ച കരിപ്പൂരില്‍ മറ്റൊരു ദുരന്തം കൂടി കാത്തുവച്ചിരുന്നു.
ദുബായ് ഇന്‍റര്‍നാഷണര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 2.15ന് പുറപ്പെട്ട വിമാനം നിശ്ചിത സമയത്ത് തന്നെ കരിപ്പൂര്‍ വിമാനത്താവളത്തിന് മുകളിലെത്തി. റണ്‍വേ 28ല്‍ ഇറങ്ങാനായിരുന്നു ശ്രമമെങ്കിലും കോരിച്ചൊരിയുന്ന മഴയും ടെയില്‍വിന്‍ഡും വെല്ലുവിളിയായി. പറന്ന് പൊങ്ങിയ വിമാനം റണ്‍വേ 10ല്‍ ഇറങ്ങാനായി അനുമതി തേടി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം അനുമതി നല്‍കിയത് പ്രകാരം വിമാനം ലാന്‍ഡ് ചെയ്തു പക്ഷേ റണ്‍വേയില്‍ ഇറങ്ങേണ്ട ഭാഗം അഥവാ ടച്ച് പോയന്‍റില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറിയാണ് ലാന്‍ഡ് ചെയ്തത്. നിലം തൊട്ട വിമാനം അതിവേഗം കുതിച്ചുപാഞ്ഞു. വേഗം നിയന്ത്രിക്കാനായി പൈറ്റ് നടത്തിയ ശ്രമങ്ങളെല്ലാം പാളി. നിമിഷങ്ങള്‍ക്കകം 190 മനുഷ്യരെയുമായിറങ്ങിയ ആ വിമാനം റണ്‍വേയുടെ കിഴക്ക്ഭാഗത്തെ ക്രോസ്റോഡിന് സമീപത്തേക്ക് ഇടിച്ചിറങ്ങി. മധ്യഭാഗം പിളര്‍ന്ന് യാത്രക്കാര്‍ തെറിച്ച് പുറത്തുവീണു.