രണ്ട് ഡോസ് കൊവിഡ് വാക്സിനെടുത്തവർക്ക് താത്കാലിക ഇളവ് അനുവദിച്ച് കർണാടക. ആർടിപിസിആർ സാമ്പിൾ നൽകിയ ശേഷം കർണാടകയിലേക്ക് പ്രവേശനാനുമതി നൽകി. തലപ്പാടിയിൽ നിന്നുള്ള കെഎസ്ആർടിസി യാത്രക്കാർക്ക് പ്രത്യേക യാത്രാ സൗകര്യം ഏർപ്പെടുത്തി.

ഇന്ന് മുതൽ കർണാടക അതിർത്തികളിൽ പരിശോധന ആരംഭിച്ചിരിക്കുകയാണ് പൊലീസ്. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. തലപ്പാടിയിലും വാളയാറിലും കർണാടക, തമിഴ്നാട് പൊലീസിന്റെ പരിശേധന ശക്തമാണ്.

കർണാടകത്തിലേക്കുള്ള കെഎസ്ആർടിസി സർവീസ് തലപ്പാടി അതിർത്തി വരെ മാത്രമേ ഉണ്ടാകൂ. തലപ്പാടി അതിർത്തിയിൽ നിന്ന് നഗരത്തിലേക്ക് കർണാടക ബസ് ഏർപ്പെടുത്തിയിട്ടുണ്ട്.

രണ്ട് ദിവസം മുൻപാണ് കേരളത്തിൽ നിന്നെത്തുന്നവർക്ക് ആർടിപിസി ആർ പരിശോധന ഫലം കർണാടക സർക്കാർ നിർബന്ധമാക്കിയത്. കേരളത്തിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലമാണ് നിർബന്ധമാക്കിയത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയിൽ നിന്ന് എത്തുന്നവർക്കും നിബന്ധന ബാധകമെന്ന് കർണാടക സർക്കാർ അറിയിച്ചു.

ഇതിന് പിന്നാലെ തമിഴ്നാടും കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് ഇന്നലെ ഉത്തരവിറക്കി. കേരളത്തിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലമാണ് നിർബന്ധമാക്കിയത്. നിയന്ത്രണം ഈ മാസം അഞ്ച് മുതൽ പ്രാബല്യത്തിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *