രാജ്യത്ത് നിരത്തിലോടുന്ന കാലപ്പഴക്കമേറിയ വാഹനങ്ങളുടെ കണക്കെടുപ്പിൽ കർണാടകം ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. 20 വർഷത്തിലേറെ പഴക്കം ചെന്ന 39 ലക്ഷം വാഹനങ്ങളാണ് കർണാടകത്തിലെ നിരത്തുകളിലുള്ളത് എന്നാണ് കണക്കുകള്‍. ലോക്സഭയിൽ കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബേ നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദില്ലിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 20 വര്‍ഷത്തിലേറെ പഴക്കമുള്ള 36 ലക്ഷം വാഹനങ്ങളാണ് ദില്ലിയില്‍ ഉള്ളതെന്നാണ് കണക്കുകള്‍. രാജ്യത്തെ മൊത്തം കണക്കെടുത്താൽ 20 വർഷത്തിലേറെ പഴക്കമുള്ള 2,14,25,295 വാഹനങ്ങളാണു നിരത്തുകളിലുള്ളതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കുന്നു.
20 വര്‍ഷത്തിലേറെ പഴക്കം ചെന്ന 39,48,120 വാഹനങ്ങള്‍ കർണാടകത്തിൽ ഉണ്ടെന്നാണു കണക്ക്. രണ്ടാം സ്ഥാനത്തുള്ള ദില്ലിയിൽ ഇത്തരത്തിലുള്ള 36,14,671 വാഹനങ്ങളുണ്ട്. 26,20,946 വാഹനങ്ങളുമായി ഉത്തർ പ്രദേശാണ് മൂന്നാം സ്ഥാനത്ത്. 20 വർഷത്തിലധികം പഴക്കമുള്ള 20.67 ലക്ഷം വാഹനങ്ങളാണു കേരളത്തിലുള്ളത്. തമിഴ്‍നാട്ടിൽ ഇത്തരത്തിലുള്ള 15.99 ലക്ഷം വാഹനങ്ങളും പഞ്ചാബിൽ 15.32 ലക്ഷം വാഹനങ്ങളുമുണ്ട്.
എന്നാല്‍ ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പഴക്കമേറിയ വാഹനങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ വാഹന വിവരങ്ങൾ സമാഹരിക്കുന്ന വാഹൻ പോർട്ടലിൽ ഈ പ്രദേശങ്ങൾ ഉൾപ്പെടാത്തതുകൊണ്ടാണിത്.
അതേസമയം കേന്ദ്രത്തിന്‍റെ വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുക്കാനൊരുങ്ങുകയാണ്. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് പോളിസി അനുസരിച്ചുള്ള ഉപയോഗപരിധി. മലിനീകരണം, ഇന്ധനഇറക്കുമതി, വിലവർദ്ധന എന്നിവ കുറയ‌്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. കാലാവധി പൂർത്തിയായ വാഹനങ്ങൾ ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കുകയും ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പൊളിക്കുകയുമായിരിക്കും നടപടി. ഒരുവാഹനം മൂന്നിൽ കൂടുതൽ തവണ ഫിറ്റ്നസ് ടെസ്‌റ്റിൽ പരാജയപ്പെടുകയാണെങ്കിൽ അത് നിർബന്ധമായും സ്ക്രാപ്പിംഗിന് വിധേയമാക്കണം എന്നാണ് പോളിസി വ്യക്തമാക്കുന്നത്.