കോഴിക്കോട്: കോവിഡ് മഹാമാരിയിൽ ആഘോഷങ്ങളില്ലാതായപ്പോൾ ജീവിതംതന്നെ ചോർന്നു പോകുന്ന അവസ്ഥയിലാണ് പന്തൽപ്പണിക്കാരും വാടക സ്റ്റോറുടമകളും. രണ്ടുവർഷമായി പണിയില്ലാത്തതിനാൽ സാമ്പത്തിക ഞെരുക്കംമൂലം അനുഭവിക്കുന്ന മാനസിക സമ്മർദവും ചെറുതല്ല. ടാർപോളിൻ ഷീറ്റുകൾ, അലങ്കാര-തുണി പന്തലുകൾ, മേശ, കസേര, സ്റ്റീലിന്റെയും ചെമ്പിന്റെയും പാത്രങ്ങൾ, വലിയ ഫാനുകൾ, സവോള അരിയാനുപയോഗിക്കുന്ന യന്ത്രങ്ങൾ എന്നിങ്ങനെ വാടകയ്ക്ക് നൽകുന്ന ചെറുതും വലുതുമായ സാധനങ്ങളെല്ലാം ഉപയോഗ ശൂന്യമായി നശിച്ച് തുടങ്ങിയിരിക്കുകയാണ്. ലക്ഷങ്ങൾ കടമെടുത്ത് മുതൽ മുടക്കിയാണ് പലരും സാധനങ്ങൾ വാങ്ങുന്നത്.
പലർക്കും സാധനങ്ങൾ സൂക്ഷിക്കാൻ സ്വന്തമായി ഗോഡൗണുകളും കടകളും ഇല്ല. വരുമാനം നിലയ്ക്കുമ്പോഴും മാസവാടക നൽകേണ്ടി വരുന്നതും ഇവരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.