കോഴിക്കോട്: നാടിനെ പിടിച്ചുലച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ സംസ്ഥാനത്തിന് മികച്ച മാതൃകകാട്ടിയാണ് കോഴിക്കോട്ടുനിന്ന് കളക്ടർ എസ്. സാംബശിവറാവുവിന്റെ മടക്കയാത്ര. ഇദ്ദേഹം തുടക്കമിട്ട കോവിഡ് ജാഗ്രതാ വെബ് പോർട്ടൽ മറ്റുസംസ്ഥാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.

ദേശീയ അംഗീകാരംനേടിയ ഒരു ആശയംകൂടിയായിരുന്നു ഇത്. വലിയ ബഹളങ്ങളൊന്നുമില്ലാതെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തുവെന്നതാണ് സാംബശിവറാവുവിന്റെ സവിശേഷത.

കോവിഡ് രോഗികളുടെ എണ്ണത്തിനനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ‍ കൊണ്ടുവന്നത് ആദ്യം കോഴിക്കോട്ടാണ്. സാംബശിവറാവു തുടക്കംകുറിച്ച ഈ ആശയമാണ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നതിന് സംസ്ഥാനസർക്കാരും സ്വീകരിച്ചത്. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സേവനങ്ങൾ ഉറപ്പാക്കാനും ജനപങ്കാളിത്തത്തോടെ വികസനം നടത്താനും ആഗ്രഹിക്കുന്ന ‘നമ്മുടെ കോഴിക്കോട്’ സാംബശിവറാവു കൊണ്ടുവന്ന മറ്റൊരു ശ്രദ്ധേയ പദ്ധതിയായിരുന്നു.

വിവിധ സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാഭരണകൂടവും ഒരു ദേശത്തിന്റെ വികസനത്തിനായി ഒരു പ്ലാറ്റ്‌ഫോമിൽ ഒന്നിക്കുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. തെരുവിൽ കഴിയുന്നവർക്ക് ജോലിയും താമസസൗകര്യവുമൊരുക്കി അവർക്ക് സ്ഥിരമായൊരു പുനരധിവാസം സൃഷ്ടിച്ച ഉദയം പദ്ധതിയും സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

2018 നവംബർ 15-നാണ് സാംബശിവറാവു കോഴിക്കോട് കളക്ടറായി ചുമതലയേറ്റത്. ഒട്ടേറെ പ്രതിസന്ധികളെ തരണംചെയ്താണ് ഐ.എ.എസ്. സ്വന്തമാക്കിയത്. ആന്ധ്ര വിജയവാഡ സ്വദേശിയായ ഇദ്ദേഹം ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ 2012 ബാച്ചിലെ ഉദ്യോഗസ്ഥനാണ്.

Leave a Reply

Your email address will not be published. Required fields are marked *