റമദാൻ മാസത്തിലെ വ്രതാനുഷ്ഠാന ദിനങ്ങളുടെ നിറവിൽ വിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ. മനസും ശരീരവും പ്രാർത്ഥനാ നിർഭരമായ നീണ്ട കാലയളവ് പിന്നിട്ട് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുമ്പോൾ പതിവ് ആഘോഷങ്ങളും ആരവങ്ങളുമില്ല, എങ്കിലും വളരെ സുരക്ഷിതമായിരുന്നുകൊണ്ട് ഈ ചെറിയപെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ്.
ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ വളരെ സ്നേഹത്തോടെയും ഉത്സാഹത്തോടെയും ആഘോഷിക്കുന്ന ഒരു ഉത്സവമാണിത്.
ആഘോഷ ആരവങ്ങളില്ലാതെയാകും സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. കൊവിഡ് മഹാമാരി ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും മൂലം കഴിഞ്ഞ വര്‍ഷത്തെ പോലെതന്നെ ഇത്തവണയും ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുങ്ങും.
ബന്ധുക്കളുടെയും അയല്‍ വീടുകളിലേക്കുമുള്ള സന്ദര്‍ശനവും മുടങ്ങും. പള്ളികളെല്ലാം പൂട്ടികിടക്കുന്നതിനാല്‍ പെരുന്നാള്‍ നിസ്‌കാരവും ഉണ്ടാവില്ല.
കഴിഞ്ഞ വര്‍ഷം റമദാന്‍ മുഴുവന്‍ ലോക്ക് ഡൗണ്‍ മൂലം അടച്ചു പൂട്ടിയിരുന്നെങ്കില്‍ ഇത്തവണ കുറച്ചു ദിവസമെങ്കിലും പള്ളികളില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്നു. ദുരിതങ്ങളില്‍ നിന്ന് മോചനത്തിനായുള്ള പ്രാര്‍ത്ഥനയുമായാണ് പെരുന്നാളിനെ വിശ്വാസികള്‍ വരവേല്‍ക്കുക.
ഈ ദുരിതവും താണ്ടാൻ എല്ലാവർക്കും പെട്ടെന്ന് കഴിയട്ടെ എന്ന പ്രത്യാശയോടെ എല്ലാ വായനക്കാർക്കും ചെറിയ പെരുന്നാൾ ആശംസകൾ.