കോഴിക്കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യവിജയം എല്‍ഡിഎഫിന്. കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ടി പി രാമകൃഷ്ണനാണ് വിജയിച്ചത്. അല്‍പസമയത്തിനകം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് ജയം. അവസാനം ലഭിച്ച കണക്കുകള്‍ പ്രകാരം 6,173 ലീഡ് ചെയ്തതാണ് റിപോര്‍ട്ടുകള്‍. വോട്ടെണ്ണി ആദ്യസമയം പിന്നിലായിരുന്നുവെങ്കിലും പിന്നീട് ലീഡ് നില ഉയര്‍ത്തുകയായിരുന്നു. നിലവിലെ എക്‌സൈസ് മന്ത്രിയാണ് അദ്ദേഹം.

പിണറായി മന്ത്രിസഭയില്‍ ഉള്‍പ്പെട്ട മന്ത്രിമാരില്‍ രണ്ടുപേരൊഴികെ ഇത്തവണ മല്‍സരിച്ചവരെല്ലാം തന്നെ വിജയത്തിലേക്കെന്ന് സൂചന. കെ ടി ജലീല്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവരൊഴികെ മല്‍സരിച്ച മന്ത്രിമാരില്‍ ബാക്കിയെല്ലാവരും മികച്ച ലീഡാണ് നിലനിര്‍ത്തുന്നത്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

മട്ടന്നൂരില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പതിനായിരത്തിലേറെ വോട്ടുകള്‍ക്കും കണ്ണൂരില്‍ തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ രണ്ടായിരത്തിന് മുകളില്‍ വോട്ടുകള്‍ക്കും മുന്നിട്ടുനില്‍ക്കുകയാണ്. ഉടുമ്പുഞ്ചോലയില്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം. മണിയാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നത്. കടുത്ത മല്‍സരം പ്രതീക്ഷിച്ചിരുന്ന കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആറായിരം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *