കോഴിക്കോട്: തിരുവമ്പാടി സീറ്റ് ലിന്‍റോ ജോസഫിലൂടെ എൽ.ഡി.എഫ് നിലനിർത്തിയത് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ. യു.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ മുസ്ലിം ലീഗിലെ സി.പി. ചെറിയ മുഹമ്മദിനെ 5596 വോട്ടുകൾക്കാണ് ലിേന്റാ കീഴടക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3008 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജോർജ് എം. തോമസിലൂടെ പിടിച്ച മണ്ഡലത്തിൽ ഇടതുപക്ഷം ഇക്കുറി ലീഡ് വർധിപ്പിച്ചതും ശ്രദ്ധേയമായി.
തദ്ദേശ തെരഞ്ഞെുടപ്പിലടക്കം യു.ഡി.എഫിന് വലിയ മേധാവിത്വം ലഭിച്ചതിനാൽ എണ്ണയിട്ട യന്ത്രംപോലെയാണ് സി.പി.എമ്മിന്‍റെ ഉൾപ്പെടെ പാർട്ടി സംവിധാനം തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചത്. പ്രാദേശിക എതിർപ്പുകളടക്കം പരിഗണിച്ച് ജോർജ് എം. തോമസിനെ മാറ്റി പകരം ഡി.വൈ.എഫ്.ഐ നേതാവും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറുമായ ലിന്‍റോയെ രംഗത്തിറക്കിയതും സീറ്റ് നിലനിർത്തുക എന്നത് ലക്ഷ്യമിട്ടായിരുന്നു.