മുക്കം: കോവിഡ് മഹാമാരി രൂക്ഷമായി പടരുമ്പോൾ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ പൂർണമായി പാലിച്ച് വിവാഹം നടത്തിയ ദമ്പതിമാർക്ക് പോലീസിന്റെ അഭിനന്ദനപത്രം.
മുക്കം നഗരസഭയിലെ കച്ചേരി വെള്ളങ്ങോട്ട് ചന്ദ്രന്റെ മകൻ അമിത് ചന്ദ്രനും പെരുവയൽ ഞാറങ്ങൽതാഴത്ത് ജി.ടി. സുബ്രഹ്മണ്യന്റെ മകൾ ഹർഷയും തമ്മിൽനടന്ന വിവാഹത്തിനാണ് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ അഭിനന്ദന സർട്ടിഫിക്കറ്റ് ലഭിച്ചത്.
റൂറൽ എസ്.പി.യുടെ പ്രശംസാപത്രം മുക്കം എസ്.ഐ. ജയിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരുടെ വീട്ടിലെത്തിക്കുകയായിരുന്നു. ഒരു വർഷംമുമ്പാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. കഴിഞ്ഞ മേയ് മാസത്തിൽ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ വിവാഹം നീട്ടിവെക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മാസങ്ങൾക്കുമുമ്പ് തീയതി ഉറപ്പിച്ചിരുന്നത്. എന്നാൽ, വീണ്ടും കടുത്ത നിയന്ത്രണങ്ങൾ വന്നതോടെ പ്രോട്ടോകോൾ പാലിച്ച് വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെനടന്ന കല്യാണത്തിലേക്ക് അഞ്ഞൂറോളം ആളുകളെയാണ് ഇവർ ക്ഷണിച്ചിരുന്നത്. എന്നാൽ, മഹാമാരി അതിരൂക്ഷമായതോടെ ക്ഷണിച്ചവരെ എല്ലാവരെയും ഫോണിൽ വിളിച്ച് സാഹചര്യം അറിയിക്കുകയായിരുന്നു.സ്വന്തം വിവാഹം ഒട്ടേറെയാളുകളെ വിളിച്ചുചേർത്ത് ആഘോഷമാക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണെന്നും എന്നാൽ, ഈ മഹാമാരികാലത്ത് ഇവർ ചെയ്തത് വലിയ മാതൃകാ പ്രവർത്തനമാണെന്നും മുക്കം എസ്.ഐ. ജയിൻ പറഞ്ഞു.