?നിയമസഭ തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ഏഴിന് പ്രഖ്യാപിച്ചേക്കുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ പരാമര്‍ശം. അതുവരെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പരമാവധി എത്താന്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രി.

?കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന അവകാശവാദം ഉന്നയിച്ചും ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന് ‘കള്ളം’ പറഞ്ഞും കൊറോണില്‍ എന്ന ആയുര്‍വേദ ഉല്‍പ്പന്നം ഇറക്കിയ പതഞ്ജലിയുടെ നടപടിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വ്യജമായി കെട്ടിചമച്ച അത്തരം അശാസ്ത്രീയമായ ഉത്പന്നം പുറത്തിറക്കുന്നതിന് പ്രോത്സാഹനം നല്‍കിയ ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ രാജ്യത്തോട് വിശീദകരണം നല്‍കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

?ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും പിസിആര്‍ പരിശോധന നിര്‍ബന്ധം. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും, ബ്രിട്ടന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് നിര്‍ദേശം ബാധകമാണ്. തിങ്കളാഴ്ച രാത്രി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് അടിയന്തരമായി നാട്ടില്‍ എത്തുന്നവരെ മാത്രമേ പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കുകയുള്ളു.

➖➖➖➖➖➖➖➖

?പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യമായ പോസ്റ്റല്‍ ബാലറ്റിനു പൂര്‍ണ പിന്തുണ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രവാസി വോട്ടിനായി സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ഡോ. ഷംഷീര്‍ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

?എസ് എന്‍ സി ലാവലിന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് വി എം സുധീരന്‍. ലാവലിന്‍ കമ്പനിക്ക് അനുകൂലമായ നിലപാട് എടുക്കാന്‍ കെ എസ് ഇ ബി ജീവനക്കാര്‍ക്ക് മേല്‍ പിണറായി വിജയന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് സുധീരന്റെ വാദം. ലാവലിന്‍ കേസില്‍ വി എം സുധീരന്‍ സുപ്രീം കോടതിയില്‍ വാദം എഴുതി നല്‍കി. ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവലിന്‍ കേസില്‍ ഒടുവില്‍ വാദം നാളെ ആരംഭിക്കാനിരിക്കുകയാണ്. കേസില്‍ വാദത്തിന് തയ്യാറാണെന്ന് സിബിഐ അറിയിച്ചതായാണ് സൂചന.

?നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം കടുപ്പിച്ച് പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍. ഇതിന്റെ ഭാഗമായി ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ നിരാഹാര സമരം തുടങ്ങി. സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.

?ചെല്ലാനം മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഫിഷിംഗ് ഹാര്‍ബറില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതി പൂര്‍ത്തീകരണത്തിലൂടെ മത്സ്യബന്ധന മേഖലയില്‍ പ്രത്യക്ഷമായി 9,000 പേര്‍ക്കും പരോക്ഷമായി 13,000 പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി.

?കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് പോകുന്ന അതിര്‍ത്തി റോഡുകള്‍ പലതും അടച്ച പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഒരു നിയന്ത്രണവും ഒരു സംസ്ഥാനവും ഏര്‍പ്പെടുത്താന്‍ പാടില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തിന് എതിരാണ് അതിര്‍ത്തികള്‍ അടക്കുകയും കേരളത്തില്‍ നിന്നു പോകുന്ന വാഹനങ്ങള്‍ തടയുകയും ചെയ്ത നടപടി എന്നും മുഖ്യമന്ത്രി പറഞ്ഞു.

?തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേരള സന്ദര്‍ശനത്തില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് സിപിഎം. കേരളത്തിലെ കര്‍ഷകരുടെ പ്രതിസന്ധിക്ക് പ്രധാന കാരണക്കാരന്‍ രാഹുല്‍ഗാന്ധിയാണെന്ന് സിപിഎം സംഘടനയായ കര്‍ഷക സംഘം ആരോപിച്ചു.കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള ട്രാക്ടര്‍ റാലിക്ക് പിന്നാലെയാണ് വിമര്‍ശനം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ട് വന്ന ആസിയാന്‍ കരാറാണ് കേരളത്തിലെ കര്‍ഷകരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്ന് കര്‍ഷക സംഘം സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ ആരോപിച്ചു.

?ജനാധിപത്യത്തെ വില്‍പ്പനയ്ക്ക് വെച്ചവരും വിലയ്ക്ക് വാങ്ങാന്‍ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയില്‍ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ലജ്ജാകരമായ ഒരു അധ്യായമാണിതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

?കേരളത്തില്‍ ഇന്നലെ 38,103 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4105 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1987 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5037 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 55,468 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

?കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍ഗോഡ് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41.

?സംസ്ഥാനത്ത് ഇന്നലെ ഒരു പുതിയ ഹോട്ട് സ്‌പോട്ട്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 372 ഹോട്ട് സ്‌പോട്ടുകള്‍.

?പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കായി സെക്രട്ടേറിയേറ്റിന് മുന്നില്‍ എം.എല്‍.എമാരായ ഷാഫി പറമ്പിലും ശബരിനാഥും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. ഷാഫിക്കും ശബരിനാഥിനും പകരം റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എന്‍എസ് നുസൂര്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാര്‍ നിരാഹാര സമരം തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

?മന്‍മോഹന്‍ സര്‍ക്കാരിനെതിരെ 2009-ല്‍ കര്‍ഷകര്‍ സമരം നടത്തിയ കാലത്തില്ലാത്ത പ്രതിഷേധം ഇപ്പോള്‍ താങ്ങുവില ഉയര്‍ത്തുകയും, കര്‍ഷകന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, അജങഇകള്‍ നിര്‍ത്തലാക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്ത മോദി സര്‍ക്കാരിനെതിരെ നടത്തുന്നത് മനുഷ്യന്റെ യുക്തിയെ വെല്ലുവിളിക്കുന്നതാണെന്നും ഇത് അടുത്ത പട്ടായ ടൂറിന് മുമ്പെങ്കിലും കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ ഓര്‍മിപ്പിക്കണമെന്നും രാഹുലിന്റെ ട്രാക്ടര്‍ റാലിയെ വിമര്‍ശിച്ച് ശോഭ സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധി ട്രാക്ടറോടിക്കുന്നതും പ്രിയങ്ക ഗാന്ധി സാരിയുടുക്കുന്നതും പ്രച്ഛന്നവേഷ മത്സരത്തില്‍ പ്രോത്സാഹനസമ്മാനം പോലും കിട്ടാന്‍ യോഗ്യതയില്ലാത്ത കോമാളിത്തരമാണെന്ന് രമേശ് ചെന്നിത്തലയെങ്കിലും രാഹുല്‍ ഗാന്ധിയെ ഉണര്‍ത്തിക്കണമെന്നും ശോഭ സുരേന്ദ്രന്‍.

?എന്‍സിപിയില്‍ നിന്ന് പുറത്താക്കിയ മാണി സി.കാപ്പന്‍ എംഎല്‍എ പുതിയ പാര്‍ട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി.കാപ്പന്‍ പ്രസിഡന്റും ബാബു കാര്‍ത്തികേയന്‍ വൈസ് പ്രസിഡന്റുമായാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണം.

?സികെ സുബൈറിനെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെണ്‍കുട്ടി മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. നേരത്തെ കത്വ കേസ് ഫണ്ടിന്റെ പേരില്‍ സികെ സുബൈറിനും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനും എതിരെ പൊലീസ് കേസെടുത്തിരുന്നു.

?ഗള്‍ഫില്‍ നിന്ന് താന്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവതി. എട്ടു മാസത്തിനിടയില്‍ മൂന്ന് തവണ സ്വര്‍ണ്ണം എത്തിച്ചു. ഒടുവില്‍ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വര്‍ണമാണ്. ഇത് വഴിയില്‍ ഉപേക്ഷിച്ചെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു.

?തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗാള്‍ റാലി. സര്‍ക്കാര്‍ എന്ന നിലയില്‍ ബംഗാള്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളതെന്നും പ്രധാനമന്ത്രി വിമര്‍നശമുയര്‍ത്തി.

?എം.പിമാരെയും എം.എല്‍.എമാരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും അശ്ലീല വീഡിയോ കോളില്‍ കുടുക്കി പണം തട്ടാന്‍ ലക്ഷ്യമിട്ട സംഘം പിടിയില്‍. രാജസ്ഥാന്‍, ഹരിയാണ, ഉത്തര്‍പ്രദേശ് സ്വദേശികളായ മൂന്നു പേരെയാണ് മുംബൈ പോലീസ് പിടികൂടിയത്. ജനപ്രതിനിധികള്‍ക്ക് പുറമേ ഉന്നത ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും മറ്റ് ഉന്നതരെയും സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കി പണം തട്ടാന്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി പോലീസ് പറഞ്ഞു.

?ദാദ്രനഗര്‍ ഹവേലില്‍ നിന്നുള്ള സ്വതന്ത്ര എംപി മോഹന്‍ ദേല്‍ക്കറെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച മുബൈയിലെ ഹോട്ടല്‍ മുറിയിലാണ് മോഹന്‍ ദേല്‍കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക അന്വഷണത്തില്‍ ആത്മഹത്യയാണെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

?ഇന്ത്യയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 10,493 പേര്‍ക്ക്. മരണം 76. ഇതോടെ ആകെ മരണം 1,56,498 ആയി. ഇതുവരെ 1,10,15,863 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.44 ലക്ഷം കോവിഡ് രോഗികള്‍.

?മഹാരാഷ്ട്രയില്‍ ഇന്നലെ 5,210 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 128 പേര്‍ക്കും തമിഴ്‌നാട്ടില്‍ 449 പേര്‍ക്കും കര്‍ണാടകയില്‍ 317 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 41 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

?ആഗോളതലത്തില്‍ ഇന്നലെ 2,70,919 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 51,609 പേര്‍ക്കും ബ്രസീലില്‍ 29,357 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 11.22 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.20 കോടി കോവിഡ് രോഗികള്‍.

?ആഗോളതലത്തില്‍ 6149 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,231 പേരും ബ്രസീലില്‍ 716 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 24.84 ലക്ഷം മരണം സ്ഥിരീകരിച്ചു.

?മ്യാന്‍മര്‍ സൈന്യത്തിന്റെ പ്രധാന പേജ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു. അക്രമണത്തിന് പ്രേരിപ്പിക്കുന്നത് തടയുന്നതിനായുള്ള കമ്പനി ചട്ടത്തെ
അടിസ്ഥാനമാക്കിയാണ് നടപടി. രണ്ട് ദിവസം മുമ്പ് മ്യാന്‍മറിലെ സൈനിക അട്ടിമറിയ്‌ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

?പാസ്പോര്‍ട്ടല്ല മുഖമാണ് ദുബൈ വിമാനത്താവളത്തില്‍ ഇനി യാത്രാ രേഖ. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ പാസ്പോര്‍ട്ടോ, എമിറേറ്റ്സ് ഐഡിയോ ഉപയോഗിച്ചാണ് മുമ്പ് ആളുകള്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നത് . എന്നാല്‍ ഇതെല്ലാം മടക്കിവെച്ച്, ടിക്കറ്റ് ചെക്കിംഗ് കൗണ്ടര്‍ മുതല്‍ വിമാനത്തിലേക്ക് കയറും വരെ മുഖം മാത്രം കാണിച്ചു നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കഴിയുന്ന യാത്രാ സംവിധാനം കഴിഞ്ഞദിവസം ദുബായ് എയര്‍പോര്‍ട്ടില്‍ നിലവില്‍ വന്നിരിക്കുന്നു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞ് നടപടി പൂര്‍ത്തികരിക്കാന്‍ സാധിക്കുന്ന ബയോമെട്രിക് അതിവേഗ യാത്രാ സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്.

?കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലെബനന്‍, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഒമാന്‍ സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ഫെബ്രുവരി 25 വ്യാഴാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. പതിനഞ്ചു ദിവസത്തേക്കാണ് ഇപ്പോള്‍ നിരോധനം.

?വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് വിജയം. ഉത്തര്‍ പ്രദേശിനെ മൂന്നു വിക്കറ്റിന് തകര്‍ത്താണ് കേരളം വിജയം ആഘോഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഉത്തര്‍ പ്രദേശ് 49.4 ഓവറില്‍ 283 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 48.5 ഓവറില്‍ വിജയം സ്വന്തമാക്കി. അഞ്ചുവിക്കറ്റുമായി തിളങ്ങിയ ശ്രീശാന്തിന്റെ ഉജ്ജ്വല പ്രകടനമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. 15 വര്‍ഷത്തിനുശേഷമാണ് ലിസ്റ്റ് എ മത്സരത്തില്‍ ശ്രീശാന്ത് അഞ്ചുവിക്കറ്റ് പ്രകടനം കാഴ്ചവെയ്ക്കുന്നത്.

?വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി നിയമിതനായ മുന്‍താരം ചാമിന്ദ വാസ് ലങ്കന്‍ ടീം വിന്‍ഡീസിലേക്ക് യാത്ര തിരിക്കുന്നതിന് തൊട്ടു മുമ്പ് പരിശീലക സ്ഥാനം രാജിവച്ചു. പതിഫലത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് വാസിന്റെ അപ്രതീക്ഷിത രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഉത്തരവാദിത്തമില്ലാത്ത നടപടിയാണ് വാസിന്റേതെന്നും സാമ്പത്തിക ലാഭം മാത്രമാണ് താരത്തിന്റെ ലക്ഷ്യമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തുറന്നടിച്ചു.

?ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരും നിലവിലെ ഒന്നാം സ്ഥാനക്കാരുമായ എ.ടി.കെ മോഹന്‍ ബഗാനെ സമനിലയില്‍ കുരുക്കി ഹൈദരാബാദ് എഫ്.സി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. അഞ്ചാം മിനിട്ടില്‍ പത്തുപേരായി ചുരുങ്ങിയിട്ടുപോലും ഹൈദരാബാദ് ഉശിരന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അര്‍ഹിച്ച ജയമാണ് ഹൈദരാബാദിന് നഷ്ടമായത്. രണ്ടുതവണ മത്സരത്തില്‍ ലീഡെടുത്തിട്ടും ടീമിന് വിജയിക്കാനായില്ല.

?എസ്ബിഐ പേമെന്റ്‌സ് രാജ്യത്തെ വ്യാപാരികള്‍ക്കായി യോനോ മെര്‍ച്ചന്റ് ആപ്പ് എന്ന പുതിയ സംവിധാനം ഒരുക്കുന്നു. കുറഞ്ഞ നിരക്കിലുള്ള ഡിജിറ്റല്‍ പേമെന്റ്‌സിനുള്ള അടിസ്ഥാന സൗകര്യമാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന്റെ സബ്‌സിഡറി സ്ഥാപനം ഒരുക്കുന്നത്. രാജ്യത്തെ ദശലക്ഷക്കണക്കിന് വ്യാപാരികളെ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. മൊബൈല്‍ വഴിയുള്ള ഡിജിറ്റല്‍ പേമെന്റ്‌സാണ് ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് 20 ദശലക്ഷം വ്യാപാരികളെ യോനോ മെര്‍ചന്റ് ആപ്പിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. നിലവില്‍ 35.8 ദശലക്ഷം രജിസ്റ്റേര്‍ഡ് ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.

?ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ ടോള്‍ വരുമാനവും വന്‍തോതില്‍ ഉയര്‍ന്നു. ദേശീയ പാതാ ശൃംഖലയില്‍ കഴിഞ്ഞ ദിവസം ടോള്‍ വരുമാനത്തില്‍ 23 ശതമാനം വര്‍ധനവാണ് ഉണ്ടായത്. വെള്ളിയാഴ്ച 102 കോടിയെന്ന റെക്കോര്‍ഡ് കളക്ഷന്‍ ഉണ്ടായതായി ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന് മുന്‍പ് ടോള്‍ വരുമാനം 85 കോടിയായിരുന്നു. പണമിടപാട് 10 ശതമാനം ഇടിഞ്ഞുവെന്നും അധികൃതര്‍ അറിയിച്ചു.

?ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദ്ധീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയി എത്തുന്ന ആര്‍ക്കറിയാമിലെ ആദ്യ വീഡിയോ ഗാനം ‘ചിരമഭയമീ’ പുറത്തിറങ്ങി. അന്‍വര്‍ അലി രചിച്ച വരികള്‍, ചിട്ടപ്പെടുത്തിയിരിക്കുന്നത് നേഹ നായരും യെക്സാന്‍ ഗാരി പെരേരയും ചേര്‍ന്നാണ് . മധുവന്തി നാരായണ്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

?വെങ്കട് പ്രഭു സംവിധാനം ചെയ്ത തമിഴ് ഹൊറര്‍ വെബ് സിരീസ് ആണ് ‘ലൈവ് ടെലികാസ്റ്റ്’. ഈ മാസം 12ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ച സിരീസില്‍ മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ‘ആരാരിരോ’ എന്നു തുടങ്ങുന്ന ഗാനം ഒരു താരാട്ട് ആണ്. ഐശ്വര്യ എമ്മിന്റെ വരികള്‍ക്ക് പ്രേംജി അമരന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം സിരീസിന്റെ സ്ട്രീമിംഗിനു ശേഷവും ആസ്വാദകപ്രീതി നേടുന്നുണ്ട്.

?ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ 2021 911 (ജനറേഷന്‍ 992) ജിടി 3 അവതരിപ്പിച്ചു. 3996 സിസി മാറ്റിസ്ഥാപിക്കുന്ന 6 സിലിണ്ടര്‍ ബോക്സര്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. 8400 ആര്‍പിഎമ്മില്‍ 510 പിഎസ് പരമാവധി കരുത്തും 6100 ആര്‍പിഎമ്മില്‍ 470 എന്‍എം പീക്ക് ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും.

?നിയമങ്ങളും നീതിസങ്കല്പങ്ങളും നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്തെ, ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് വിശകലനവിധേയമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം. പ്രശസ്തനായ അഭിഭാഷകന്റെ നിയമ-നീതിന്യായ മേഖലകളിലെ സംഭവവികാസങ്ങളോടുള്ള ശക്തമായ പ്രതികരണങ്ങള്‍. പുതിയ കാലത്തിന്റെ പുനര്‍വായനകളായിത്തീരുന്ന ലേഖനങ്ങളുടെ സമാഹാരം. ‘നീതിയുടെ ആകാശങ്ങള്‍’. അഡ്വ. കാളീശ്വരം രാജ്. മാതൃഭൂമി. വില 144 രൂപ.

?കൊവിഡ് 19 ഒരു ശ്വാസകോശ രോഗമാണെങ്കിലും പല തരത്തില്‍ അത് നമ്മെ ബാധിക്കുമെന്ന് ഇതിനോടകം തന്നെ നാം മനസിലാക്കിക്കഴിഞ്ഞു. പനി, ക്ഷീണം, ചുമ തുടങ്ങിയവയെല്ലാമാണ് കൊവിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളെന്ന് നമുക്കറിയാം. എന്നാല്‍ കണ്ണില്‍ അണുബാധയുണ്ടാകുന്നതും (ചെങ്കണ്ണിന് സമാനമായി) ചിലരില്‍ കൊവിഡ് ലക്ഷണമായി വരാറുണ്ട്. കൊവിഡ് 19 കണ്ണിനെയും ഗുരുതരമായി ബാധിക്കാമെന്നാണ് പുതിയൊരു പഠനം നല്‍കുന്ന സൂചന. വളരെ ഗൗരവപരമായ രീതിയില്‍ കൊവിഡ് ബാധിക്കപ്പെട്ടവരില്‍ ഒരു വിഭാഗക്കാരില്‍ ഈ സാധ്യത നിലനില്‍ക്കുന്നുവെന്നാണ് ‘ഫ്രഞ്ച് സൊസൈറ്റി ഓഫ് ന്യൂറോ റേഡിയോളജി’യില്‍ നിന്നുള്ള വിദഗ്ധര്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. കൊവിഡ് രോഗികളെ വച്ചുതന്നെയാണ് ഇവര്‍ പഠനം നടത്തിയത്. ചിലരില്‍ കാഴ്ചയെ വരെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങളും മറ്റ് ചിലരില്‍ കണ്ണില്‍ അസ്വാഭാവികമായ മാറ്റങ്ങളും (ഇവ പിന്നീട് കാഴ്ചയെയും ബാധിക്കാം) ആണ് ഗവേഷകര്‍ കണ്ടെത്തിയത്. എംആര്‍ഐ സ്‌കാനിംഗ് രീതിയിലൂടെയാണ് പഠനസംഘം കൊവിഡ് രോഗികളില്‍ കാണുന്ന കണ്ണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മനസിലാക്കിയത്. കൊവിഡ് ബാധിക്കപ്പെട്ടവര്‍ ടെസ്റ്റ് ഫലം നെഗറ്റീവായ ശേഷവും കണ്ണിന്റെ ആരോഗ്യം ഉറപ്പുവരുത്തേണ്ടതാണെന്ന് ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്താനായാല്‍ വലിയ സങ്കീര്‍ണതകള്‍ ഒഴിവാക്കാനാകുമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *